
കൊച്ചി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടിലെ ഹാളിൽ തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തി. ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ ഡ്രൈവറും അടുത്ത ബന്ധു അറിയിച്ചതു പ്രകാരം ഫയർഫോഴ്സ് എത്തി വാതിലുകൾ പൊളിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്.
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം രാജാജി റോഡിലെ മൂന്നു നില കെട്ടിടത്തിന്റെ ഒന്നാംനിലയിൽ താമസിക്കുന്ന വിരമിച്ച സർക്കാർ എൻജിനീയർ ലളിതയ്ക്കാണ് (80) പരിക്കേറ്റത്. ആശുപത്രിയിൽ പോകാൻ ഇന്നലെ രാവിലെ ആറിന് എത്താൻ തലേദിവസം ലളിത കാർ ഡ്രൈവറെ ഏർപ്പാടാക്കിയിരുന്നു. രാവിലെ ലളിതയെ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനാൽ എട്ടരയോടെയാണ് ഡ്രൈവർ വീട്ടിലെത്തിയത്. വാതിൽ തുറക്കാത്തതിനാൽ വൈറ്റിലയിലെ ലളിതയുടെ ബന്ധുവിനെ അറിയിച്ചു. ബന്ധു എത്തിയ ശേഷമാണ് പൊലീസിനെയും ഗാന്ധിനഗർ ഫയർഫോഴ്സിനെയും വിളിച്ചത്.
വീടിന്റെ പ്രധാനവാതിലിന്റെയും അകത്തെ ഹാളിലെ വാതിലിന്റെയും പൂട്ടുകൾ പൊളിച്ച് കടന്നപ്പോഴാണ് വയോധിക നിലത്ത് തലയ്ക്ക് പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. രക്തം സമീപമുറി വരെ എത്തിയിരുന്നു. ഫയർഫോഴ്സ് ആംബുലൻസിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ വി. പ്രദീപ്, ഫയർ ഓഫീസർമാരായ സി.എസ്. ജെൻസ, രാഹുൽ മോഹൻ, ഗോകുൽ ജി. കുമാർ, അനന്തു, സൂരജ് രാധ്, ഹോംഗാർഡ് സനു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |