SignIn
Kerala Kaumudi Online
Friday, 03 July 2026 4.43 AM IST

'ആരോഗ്യഭേരി: പകർച്ചവ്യാധി പ്രതിരോധത്തിന് കർമ്മപദ്ധതി 

കൊച്ചി: പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും നടപ്പിലാക്കുന്ന സമഗ്ര പകർച്ചവ്യാധി പ്രതിരോധ കർമ്മപദ്ധതിയായ 'ആരോഗ്യഭേരി"ക്ക് തുടക്കമാകും. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി, തദ്ദേശ സ്ഥാപനങ്ങളെയും വിവിധ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടാണ് നടപ്പിലാക്കുക. പദ്ധതിയുടെ ആദ്യ മൂന്ന് മാസക്കാലം (ജൂലായ് മുതൽ സെപ്തംബർ വരെ) തീവ്രഘട്ടമായി കണക്കാക്കി ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കും. ഈ കാലയളവിൽ ജനങ്ങളെ ആരോഗ്യശീലങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ സാമൂഹിക അന്തരീക്ഷം ഒരുക്കും. ഈ ഘട്ടത്തിന് ശേഷം, പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 ജില്ലാതല ശില്പശാല ഇന്ന്

പദ്ധതിയുടെ വിജയത്തിനായി തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ഇന്ന് രാവിലെ 9.30 ന് കൊച്ചി നഗരസഭ ടൗൺ ഹാളിൽ ജില്ലാതല ശില്പശാല സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആർ. ഷാഹിർഷാ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

 പദ്ധതിയുടെ ലക്ഷ്യങ്ങൾ

രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക, ആരോഗ്യകരമായ ശീലങ്ങൾ ജനജീവിതത്തിന്റെ ഭാഗമാക്കുക, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ആശാ വർക്കർമാരുടെയും ഹെൽത്ത് വോളണ്ടിയർമാരുടെയും നേതൃത്വത്തിൽ ഉറവിട നശീകരണം, ക്ലോറിനേഷൻ, സ്പ്രേയിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടക്കും.

 പ്രധാന കർമ്മപദ്ധതികൾ

കൊതുക് ഉറവിട നശീകരണത്തിനായി വെള്ളക്കെട്ടുകൾ ഒഴിവാക്കൽ.

കക്കൂസ് വെന്റ് പൈപ്പുകൾ വലയിട്ടു കെട്ടുന്നതിനുള്ള നടപടികൾ.

ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ.

സാമൂഹ്യാധിഷ്ഠിത രോഗനിരീക്ഷണം.

 തീവ്രമായ ആരോഗ്യ ബോധവത്കരണ പരിപാടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL