SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.27 AM IST

കാട്ടാനകൾക്കിത് എന്തുപറ്റുന്നു ?

p

കാട്ടാനകളുടെ പരിക്കുകളിൽ ദുരൂഹത

കൊച്ചി: കോതമംഗലം താലൂക്കിലെ ജനവാസമേഖലകളിലിറങ്ങുന്ന ആനകൾക്ക് മാരകമായി പരിക്കേൽക്കുന്നതിൽ ദുരൂഹത. ഒരു മാസത്തിനുള്ളിൽ രണ്ട് ആനകളിലാണ് സമാന അവസ്ഥ കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് ഒരു ആനയുടെ ജീവൻ നഷ്ടപ്പെട്ടതാണ് മറ്റൊരു സംഭവം. കൂവപ്പാറയിലെ മാലിന്യക്കുഴിയിൽ ഇന്നലെ വീണ ആനയ്ക്ക് തുമ്പിക്കൈയിലാണ് പരിക്ക്. തുമ്പിക്കൈയുടെ അഗ്രഭാഗം മുറിഞ്ഞ് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മൂർച്ഛയുള്ള വസ്തുവിൽ ഉരസിയാകും ഈ മുറിവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ആനശല്യം തടയാൻ കൃഷിയിടങ്ങളിലും മറ്റും ബ്ലെയിഡുപോലുള്ള ആയുധങ്ങൾ ഘടിപ്പിക്കുന്ന രീതി ചിലർ സ്വീകരിക്കാറുണ്ട്. ഈ വിധത്തിലാകും ആനയുടെ തുമ്പിക്കൈയിൽ മുറിവുണ്ടായതെന്നാണ് സംശയം. ഏതാനും വർഷം മുമ്പ് മാമലക്കണ്ടത്തും തുമ്പിക്കൈ മുറിഞ്ഞനിലയിൽ ആനയെ കണ്ടിരുന്നു. ഈ ആന പിന്നീട് കാട്ടിൽ ചരിഞ്ഞതായാണ് വിവരം.

ഏതാനും മാസംമുമ്പ് പൂയംകുട്ടിയിൽ ചക്കപ്പഴത്തിൽ വച്ചിരുന്ന സ്‌ഫോടക വസ്തു കടിച്ച ആന ചരിഞ്ഞ സംഭവത്തിൽ റബർതോട്ട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നുവർഷം മുമ്പ് കോട്ടപ്പടി കുളങ്ങാട്ടുകുഴിയിൽ കൃഷിയിടത്തിൽ ഒരുക്കിയ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് കൊമ്പൻ ചരിഞ്ഞസംഭവത്തിലും കൃഷിയിട ഉടമയെ വനംവകുപ്പ് പ്രതിയാക്കി. നേര്യമംഗലത്തിന് സമീപം കാഞ്ഞിവേലിയിലും ജനവാസമേഖലയിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതാണ്.

വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

കഴിഞ്ഞമാസം മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ കോട്ടപ്പാറ വനത്തിൽ ചരിഞ്ഞ മോഴയാനക്കും മാരകമായി പരിക്കേറ്റിരുന്നു. ആനയുടെ വായിലാണ് പരിക്കുണ്ടായിരുന്നത്. സ്‌ഫോടകവസ്തു പൊട്ടിയതാണ് പരിക്കിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ. പൈനാപ്പിളിലും മറ്റും തോട്ടവച്ച് ആനയെ കൊല്ലുന്ന രീതി ഏതാനും വർഷങ്ങളായി പലയിടത്തും നടന്നിട്ടുണ്ട്. ആരോഗ്യസ്ഥിതി മോശമായിരിക്കെ മയക്കുവെടിവച്ചതിനെ തുടർന്ന് മണിക്കൂറുകൾക്കകം ആനചരിഞ്ഞു. ആനയ്ക്ക് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL