SignIn
Kerala Kaumudi Online
Friday, 17 July 2026 3.34 AM IST

സംസ്ഥാനത്തെ ഹെറോയിൻ വില്പന സംഘത്തിലെ പ്രധാനി പിടിയിൽ

shefeequl
ഷെഫീഖുൾ ഇസ്ലാം

നെടുമ്പാശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ സംസ്ഥാനത്ത് ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ആസാം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാമിനെ (38) ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടി.

അങ്കമാലിയിൽ 609 ഗ്രാം ഹെറോയിനുമായി പിടികൂടിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ഷെഫീഖുൾ ഇസ്ലാമിനെ വലയിലായത്. മയക്കുമരുന്ന് കച്ചവടക്കാർക്കിടയിൽ ദാദാ എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. കേരളത്തിലെത്തിട്ട് 10 വർഷത്തോളമായി. പ്ലൈവുഡ് കമ്പനികളിലായിരുന്നു ജോലി. പിന്നീട് ആക്രി കച്ചവടവും. തുടർന്ന് മയക്കുമരുന്ന് വ്യാപാരത്തിലേക്ക് മാറുകയായിരുന്നു. ആഡംബര ജീവിതം നയിച്ചിരുന്ന പ്രതി അസാമിലേക്കും കൊച്ചിയിലേക്കും വിമാനമാർഗമാണ് സഞ്ചരിച്ചിരുന്നത്.

അസമിൽ നിന്ന് 30,000 രൂപയ്ക്ക് എത്തിക്കുന്ന ഒരു ബോക്സ് ഹെറോയിൻ ഇവിടെ 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നിരക്കിലാണ് വിറ്റിരുന്നത്. ചെറിയ ബോട്ടിലുകളിൽ ആയിരം രൂപയ്ക്കും വില്പന നടത്തിയിരുന്നു.

പോഞ്ഞാശേരിയിൽ ഇയാൾ വാടകയ്ക്ക് എടുത്തിരുന്ന വീട്ടിൽനിന്ന് രണ്ട് ചാക്കുകളിലായി മയക്കുമരുന്ന് നിറയ്ക്കാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് ചെറിയ ബോട്ടിലുകൾ കണ്ടെത്തി. അസാമിൽ നിന്ന് കാർമാർഗം മയക്കുമരുന്ന് കടത്തുന്ന ഇയാളുടെ മൂന്നംഗ സംഘമാണ് നേരത്തെ പിടിയിലായത്.

പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ആലുവ ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐമാരായ കെ.പി. വിജു, ജിഷ്ണു രാജു, എ.എസ്.ഐ പി.എ
അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, അജിതാ തിലകൻ,
റോബിൻ ജോയി എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL