
തിരൂരങ്ങാടി : ചോദിച്ച എണ്ണം മുട്ട കിട്ടാതായതോടെ, കടയിൽ ഉപഭോക്താക്കൾ തമ്മിൽ അടിപിടി, നിലത്ത് തലയടിച്ചുവീണ് ഒരാൾ മരിച്ചു. വധശ്രമത്തിന് കേസെടുത്ത്, തള്ളിയിട്ടയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം മുന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി പരേതനായ വടക്കേപുറത്ത് അബ്ദുൾ ഖാദറിന്റെ മകൻ ഫൈസലാണ് (52) തലയ്ക്ക് ക്ഷതമേറ്റ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് കുന്നത്തുപറമ്പ് സ്വദേശി ലത്തീഫ് (33) അറസ്റ്റിലായി. എട്ടിന് രാത്രി പത്തോടെ മുന്നിയൂരിലെ കടയിൽ കോഴിമുട്ട വാങ്ങാനെത്തിയ ഫൈസലും ലത്തീഫും തമ്മിലാണ് കടയിലുള്ള ആറു മുട്ടയ്ക്കായി അടിപിടി കൂടിയത്. രണ്ടുപേർക്കും വേണ്ടിയിരുന്നത് അഞ്ചുമുട്ട വീതമായിരുന്നു. രണ്ടുപേർക്കും വീതിച്ചു നൽകാമെന്ന് കടക്കാരൻ പറഞ്ഞെങ്കിലും വഴങ്ങിയില്ല. ഇതേച്ചൊല്ലി വാക്കുതർക്കമായി. തുടർന്ന്, ആദ്യം വന്ന ലത്തീഫ് അഞ്ച് മുട്ടയുമായി വാഹനത്തിൽ കയറിപ്പോകുന്നതിനിടെ ഫൈസൽ ശേഷിച്ച ഒരു മുട്ട ലത്തീഫിന് നേരെ എറിഞ്ഞു.
ദേഹത്ത് മുട്ട കൊണ്ടതോടെ, വാഹനത്തിൽ നിന്നിറങ്ങിയ ലത്തീഫുമായി കൈയാങ്കളിയാകുകയും പിടിച്ചുതള്ളിയതോടെ, ഫൈസൽ റോഡിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. തുടർന്ന് ഫൈസലിനെ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയി. ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷവും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കളത്തിങ്ങൽപാറ ജുമുഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കി. ഫാത്തിമത്ത് സുഹ്രയാണ് മാതാവ്. ഭാര്യ: റംല. മക്കൾ: മുഹമ്മദ് ഫാദിൽ, ഫാത്തിമ ഫിസ. സഹോദരങ്ങൾ: അബ്ദുൾ കരീം, റജീന, ആരിഫ, തസ്നി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |