SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.14 AM IST

എസ്.എഫ്‌.ഐയുടെ കമ്മിഷണർ ഓഫീസ് മാർച്ചിൽ സംഘർഷം

mathil
സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് എസ്. എഫ്. ഐ നടത്തിയ മാർച്ചിൽ പ്രവർത്തകർ കമ്മിഷണർ ഓഫീസിന്റെ മതിൽ തകർത്ത നിലയിൽ.

കമ്മിഷണറുടെ കാറിനു നേരേ അക്രമം

കണ്ണൂർ: സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തം. ബാരിക്കേഡ് മറികടന്നും മതിൽ തകർത്തും അകത്തു കയറിയ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് അതിക്രമിച്ചു കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജിന്റെ ഔദ്യോഗിക വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. ഓഫീസിന് മുൻവശത്തെ പൂച്ചട്ടികൾ തകർത്തു.

തിരുവനന്തപുരത്ത് എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പൊലീസ്, കെ.എസ്.യു പ്രവർത്തകർ മർദ്ദിച്ചതായി ആരോപിച്ച് ഇന്നലെ വൈകീട്ട് മൂന്നരയോടെ കാൽടെക്സിൽ നിന്ന് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്ക് നടന്ന മാർച്ചിലാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പൊലീസ് കമ്മിഷണർ പി. നിധിൻരാജ് ഓഫീസിലുണ്ടായിരുന്നു. പൊലീസ് സംയമനം പാലിച്ചതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. പ്രവർത്തകർ പൊലീസിനെ മർദ്ദിക്കുന്നതും കാണാമായിരുന്നു.

കമ്മിഷണറുടെ കാർ ഹെൽമറ്റ് ഉപയോഗിച്ച് അടിച്ച് തകർക്കാനും ശ്രമം നടത്തി. ഏരിയൽ തകർത്തു. പൊലീസ് തൊപ്പി, ഹെൽമറ്റ്, ഷീൽഡ് എന്നിവ വലിച്ചെറിഞ്ഞു. സമരം പിരിച്ചുവിട്ടതിനു ശേഷം പ്രവർത്തകനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ബസിലേക്ക് പ്രവർത്തകനെ മാറ്റാനുള്ള ശ്രമം ചെറുത്തു. കണ്ണൂർ റേഞ്ച് ഐ.ജി ജി.എച്ച് യതീഷ് ചന്ദ്ര സ്ഥലത്തെത്തിയിരുന്നു.

കമ്മിഷണർ ഓഫീസിനു മുന്നിൽ നടന്ന സമരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി അഖില ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി ആദർശ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോയൽ തോമസ് സ്വാഗതം പറഞ്ഞു. സി.വി ഹരികൃഷ്ണൻ, കെ.കെ ഗിരീഷ്, കെ.എം വൈഷ്ണവ്, അതുൽ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, SFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL