SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.09 AM IST

യാത്രാ ദുരിതം തീരാതെ മലബാർ

ph-1
ട്രെയിൻ

കണ്ണൂർ: മലബാറിലെ ട്രെയിൻ യാത്രക്കാരുടെ യാത്രാ ദുരിതത്തിന് അറുതിയില്ല. ജനറൽ, ഡീ റിസർവ്ഡ് കോച്ചുകൾ വർദ്ധിപ്പിക്കാൻ റെയിൽവേ തയ്യാറാകാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. യാത്രക്കാർ കൂടുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിലെ ട്രെയിനുകളിൽ ഡീ റിസർവ്ഡ് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന വിവിധ സംഘടനകളുടെ ആവശ്യങ്ങൾക്കും നടപടിയില്ല.

ഇതു കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ഷൊർണൂർ-മംഗളൂരു റൂട്ടിലെ യാത്രക്കാരാണ്. ഷൊർണൂർ-മംഗളൂരു റൂട്ടിൽ കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കുക, കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും തഴഞ്ഞിരുക്കുകയാണ്.

യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി നേരത്തെ കോച്ചുകൾ കൂട്ടിയിരുന്നുവെങ്കിലും ഇപ്പോൾ നിറയെ യാത്രക്കാരുള്ള ട്രെയിനുകളിൽ പോലും ജനറൽ കോച്ചുകൾ വെട്ടിച്ചുരുക്കുകയാണ്. പകരം എ.സി കോച്ചുകളുടെ എണ്ണം കൂട്ടിയതായും ആക്ഷേപമുണ്ട്.

മലബാർ എക്‌സ്‌പ്രസ്സ് ഉൾപ്പെടെ പല ട്രെയിനുകളിലും ഡീ റിസർവ്ഡ് കോച്ചുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. പരമാവധി ബർത്തുകൾ റിസർവേഷനായി മാറ്റി ലാഭം കൊയ്യുകയാണ് ലക്ഷ്യമെന്നും ആക്ഷേപമുണ്ട്. പ്രതിഷേധം ശക്തമാകുമ്പോൾ താത്കാലികമായി ഡീ റിസർവ്ഡ് കോച്ചുകൾ അനുവദിക്കുകയും പിന്നീട് അത് റദ്ദാക്കുകയുമാണ്.

ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ 108 യാത്രക്കാർക്കുള്ള സീറ്റുകളാണുള്ളത്. എന്നാൽ തിരക്കേറിയ സമയങ്ങളിൽ അതിന്റെ മൂന്നിരട്ടിയോളം ആളുകളെ കുത്തിനിറച്ചാണ് യാത്ര. ഷൊർണൂർ-മംഗളൂരു സെക്ഷനിലെ 307 കിലോമീറ്റർ റൂട്ടിൽ മികച്ച വരുമാനം ലഭിച്ചിട്ടും യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാൻ റെയിൽവേ വിമുഖത കാണിക്കുകയാണ്. മലബാർ മേഖലയിലെ സ്റ്റേഷനുകളിൽ നിന്ന് കോടിക്കണക്കിന് രൂപ പ്രതിമാസം റെയിൽവേയ്ക്ക് ലഭിക്കുമ്പോഴാണ് മേഖലയോടുള്ള ഈ കടുത്ത അവഗണന.

ജനറൽ കോച്ചുകളിൽ തിരക്കോട് തിരക്ക്

പുലർച്ചെ 1.45നുള്ള മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ്, പുലർച്ചെ രണ്ടിന് തിരുവനന്തപുരത്ത് നിന്ന് ഷൊർണൂരിലെത്തുന്ന മാവേലി എക്‌സ്‌പ്രസ്, 2.40ന് ഷൊർണൂരിലെത്തുന്ന മലബാർ എക്‌സ്‌പ്രസ്, മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്, ചെന്നൈ-മംഗളൂരു മെയിൽ എന്നിവയാണ് രാവിലെയോടെ മംഗളൂരു ഭാഗത്തേക്കുള്ള പ്രധാന ട്രെയിനുകൾ. സ്ഥിരം യാത്രക്കാരുൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന ഇവയുടെ ജനറൽ കോച്ചുകളിൽ വൻ തിരക്കാണ്.

മംഗളൂരു സെൻട്രൽ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്, മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്, ഏറനാട് എക്‌സ്‌പ്രസ് എന്നിവയാണ് ഉച്ചയ്ക്ക് മുമ്പ് ഷോർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ. ഉച്ചകഴിഞ്ഞ് മംഗള - ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ്, പരശുറാം, നേത്രാവതി എന്നിവയാണ് പ്രതിദിനം മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL