SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.55 AM IST

17 വർഷത്തിന് ശേഷവും പരന്നൊഴുകി 'നിർഝർ'

docu
'നിർഝർ' ഹ്രസ്വചിത്രത്തിന്റെ അണിയറ പ്രവർത്തകർ

പയ്യന്നൂർ: സ്കൂളുകളിൽ ഹിന്ദി പഠനം ലളിതവും മധുരതരവുമാക്കുക എന്ന ലക്ഷ്യത്തോടെ പതിനേഴ് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഡോക്യുമെന്ററി സംസ്ഥാനത്തെ അദ്ധ്യാപകർ ഇപ്പോഴും പഠന സാമഗ്രിയായി ഉപയോഗിക്കുമ്പോൾ അതിന്റെ അണിയറ പ്രവർത്തകർക്ക് ഏറെ അഭിമാനം. ഓൺലൈൻ മീഡിയ സജീവമല്ലാത്ത കാലത്ത് പത്താം ക്ലാസിലെ ഹിന്ദി പാഠമായ ഡോ. രാംകുമാർ വർമ്മയുടെ 'നിർഝർ' കവിതയ്ക്ക് ഹിന്ദി അദ്ധ്യാപകൻ സുരേഷ് അന്നൂരിന്റെ നേതൃത്വത്തിൽ 2009ലാണ് ദൃശ്യാവിഷ്കാരം ഒരുക്കിയത്.

'നിർഝർ' എന്ന ഹിന്ദി വാക്കിന് അരുവി എന്നാണർത്ഥം. അന്ന് ഹൈസ്കൂൾ വിഭാഗം പാഠഭാഗം ആയിരുന്ന കവിത ഇപ്പോൾ ഹയർസെക്കൻഡറി വിഭാഗം പാഠ പുസ്തകത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രകൃതിയെ മനുഷ്യനോട് ഉപമിക്കുന്ന കവിത പ്രമേയമാക്കി ഒരുക്കിയ ഹ്രസ്വചിത്രം വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം വളർത്താൻ ഉതകുന്നതാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. തിരുമേനി ഗവൺമെന്റ് ഹൈസ്കൂൾ ദർശൻ ഹിന്ദി മഞ്ചിന്റെ ബാനറിൽ ഒരുക്കിയ 15 മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഛായാഗ്രഹണവും നിർമ്മാണവും സംവിധാനവും നിർവഹിച്ചത്, ഇപ്പോൾ പയ്യന്നൂർ എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് ഹിന്ദി അദ്ധ്യാപകനായ സുരേഷ് അന്നൂർ ആണ്.

ടി.ഇ. വിഷ്ണുദാസാണ് സ്ക്രിപ്റ്റ്, വിവരണം നിർവ്വഹിച്ചത്. രാജീവൻ രാമാസ്, എ.കെ വേണുഗോപാൽ, എ.പി നാഗഭൂഷൺ, നീതു അന്നൂർ, സുദർശൻ പയ്യന്നൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അന്നൂരിലെ നാടക കലാകാരൻ സി.കെ സുധീർ ആണ് ഏക കഥാപാത്രമായ കവിയായി വേഷമിട്ടത്. 2010ൽ തിരൂർ തുഞ്ചൻപറമ്പിൽ നടന്ന കുട്ടികളുടെ സംസ്ഥാന ചലച്ചിത്രമേളയിൽ നിർഝറിന് പരിസ്ഥിതി ചിത്രത്തിനും, രാജീവൻ രാമാസിന് എഡിറ്റിംഗിനുമുള്ള പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL