SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.12 AM IST

വോട്ട് ചോ‌ർച്ചയിൽ മഞ്ചേശ്വരത്ത് പാർട്ടി നടപടി

cpm
സി.പി.എം

കെ.ആർ ജയാനന്ദയെ നീക്കി, സിജി മാത്യു പുതിയ ഏരിയാസെക്രട്ടറി

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വോട്ടിൽ ചോർച്ചയുണ്ടായെന്ന വിവാദത്തിനിടെ സി.പി.എം മഞ്ചേശ്വരം ഏരിയ സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് കെ.ആർ ജയാനന്ദയെ നീക്കി. മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ജയാനന്ദ. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറായി അദ്ദേഹം തുടരും.

കുമ്പള, മഞ്ചേശ്വരം ഏരിയ കമ്മിറ്റി യോഗങ്ങളിൽ ഉണ്ടായ രൂക്ഷമായ വിമർശനങ്ങൾക്ക് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിജി മാത്യുവിന് ഏരിയ സെക്രട്ടറിയുടെ ചുമതല നൽകിയത്. ജില്ലാ കമ്മിറ്റി യോഗം എടുത്ത തീരുമാനം ഏരിയ കമ്മിറ്റി യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രകാശൻ, ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ എന്നിവർ റിപ്പോർട്ട് ചെയ്യുകയായിരുന്നു. അതിനിടെ കുമ്പള ഏരിയ സെക്രട്ടറി സി. സുബൈറിനെയും സ്ഥാനത്ത് നിന്ന് നീക്കിയെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നുണ്ടെങ്കിലും അതെല്ലാം വ്യാജ പ്രചാരണമാണെന്ന് നേതൃത്വം അറിയിച്ചു.

മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.ആർ ജയാനന്ദയ്ക്ക് 2021ൽ ലഭിച്ചതിൽ നിന്നും 20,000 വോട്ടിന്റെ കുറവ് സംഭവിച്ചതാണ് വോട്ട് ചോർച്ച ആരോപണത്തലേക്ക് നയിച്ചത്. മണ്ഡലത്തിലെ പാർട്ടി നേതാക്കൾ ലീഗുമായി ഒത്തുകളിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി എ.കെ.എം അഷ്റഫിന് വോട്ട് മറിച്ചു നൽകിയെന്ന ഗുരുതരമായ ആരോപണമാണ് നിലനിൽക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ എൽ.ഡി.എഫ് ദയനീയ തോൽവി നേരിട്ടിരുന്നു. കെ.ആർ ജയാനന്ദയെ സ്ഥാനാർത്ഥിയാക്കിയതിലും നേരത്തെ ഏരിയ സെക്രട്ടറിയാക്കിയതിലും പാർട്ടിയിൽ നിന്ന് എതിർപ്പുയർന്നിരുന്നു.

മഞ്ചേശ്വരം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച കെ. സുരേന്ദ്രൻ ജയിക്കാതിരിക്കാനാണ് യു.ഡി.എഫിന് വോട്ട് മറിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഫലത്തിൽ ഇത്തരമൊരു പ്രവൃത്തി മണ്ഡലത്തിൽ പാർട്ടിയുടെ അടിത്തറയിളക്കാനാണ് ഇടവരുത്തിയത്.

തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതുമായി ചുമതല മാറ്റത്തിന് യാതൊരു ബന്ധവുമില്ല. മഞ്ചേശ്വരത്ത് പാർട്ടി സംഘടന ദുർബലമാണ്. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെയും സർക്കാരിനെതിരെയും ഉയർന്ന വ്യാജപ്രചാരണങ്ങളെ അതിജീവിക്കാൻ നമ്മുടെ സംവിധാനത്തിന് കഴിയാതെ പോയി. അതിലാണ് വീഴ്ചയുണ്ടായത്. മഞ്ചേശ്വരത്ത് പാർട്ടിയെ ശക്തിപ്പെടുത്തും.

സിജി മാത്യു (ഏരിയ സെക്രട്ടറി)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL