
പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ അടൂർ ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. ജയന്റെ സിനിമയിലെ ഗാനമായ 'ചാം ചച്ച ചോം ചച്ച' എന്ന പാട്ട് പോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനമെന്നാണ് കമ്മിറ്റിയിൽ ഉയർന്ന പരിഹാസം. പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റി മാതൃക കാട്ടണമെന്ന ആവശ്യവും പലരും ഉന്നയിച്ചു.
'അടൂരിൽ ചില സമുദായ നേതാക്കൾ പണം വാങ്ങിയത് അന്വേഷിക്കണം. എല്ലാ വോട്ടും എൽഡിഎഫിന് എന്ന് പറഞ്ഞാണ് അവർ പണം വാങ്ങിയത്. മണ്ഡലത്തിൽ സിപിഐ ഒന്നും ചെയ്‌തില്ല. ചിറ്റയം ഗോപകുമാറിനെതിരായ നെഗറ്റീവ് വോട്ടാണ് തോൽവിക്ക് കാരണം. പ്രിജി കണ്ണൻ എന്ന സൗമ്യ മുഖത്തെ കൊണ്ടുവന്നത് മാത്രമാണ് സിപിഐയുടെ സംഭാവന.
ചാം ചച്ച ചോം ചച്ച എന്ന പാട്ട് എഴുതിയവനും സംഗീതം നൽകിയവനും പാടിയവനും കേട്ടവനും എന്താണെന്നറിയില്ല. അതുപോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനം. വൻ പരാജയത്തിന് ശേഷവും പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് അംഗീകരിക്കാനാകില്ല. പിണറായിയെ മാറ്റി മാതൃക കാട്ടണം' - കമ്മിറ്റിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
അതേസമയം, ഡൽഹിയിൽ സിപിഎം കേന്ദ്രകമ്മിറ്റി യോഗം തുടങ്ങിയിരിക്കുകയാണ്. മൂന്ന് ദിവസത്തെ യോഗത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യും. വിശദമായ വിലയിരുത്തൽ നടത്താൻ നേരത്തേ പി ബി സംസ്ഥാന ഘടകത്തിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തൽ സംസ്ഥാനഘടനം റിപ്പോർട്ട് ചെയ്യും.
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദേശത്തെ ഓൺലൈനായി ചേർന്ന പി ബി യോഗത്തിൽ നിരവധി അംഗങ്ങൾ എതിർത്തിരുന്നു. കേന്ദ്രകമ്മിറ്റിയിലും ഇക്കാര്യത്തിൽ എതിർപ്പ് ഉയരാനാണ് സാദ്ധ്യത. എന്നാൽ, പിണറായിയെ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറ്റാൻ ഇനിയാവില്ലെന്നാണ് എം വി ഗോവിന്ദൻ വ്യക്തമാക്കിയത്. പി ബിയുടെ അംഗീകാരം വാങ്ങിയാണ് ഈ തീരുമാനമെടുത്തതെന്നും ഗോവിന്ദൻ ഡൽഹിയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |