കാസർകോട്:പൊലീസ് അധികാരികളുടെ സപ്പോർട്ട് കിട്ടുന്നതിന് 'ഓപ്പറേഷൻ തൂഫാനെ' മറയാക്കി കർണ്ണാടക അതിർത്തിയിലെ ഗ്വാളിമുഖയിൽ നിന്നും കണ്ണൂരിൽ നിന്നുമെത്തിയ പോർച്ചുഗൽ ഫാൻസ് അംഗങ്ങളാണ് പള്ളിക്കരയിലെ ഗവൺമെന്റ് ഹൈസ്‌കൂൾ മൈതാനത്ത് അപകടകരമായ രീതിയിൽ കാർ റേസിംഗ് നടത്തി പൊലീസിനെ ആക്രമിച്ചത്. പള്ളിക്കരയിലെയും പരിസരത്തെയും ആളുകളിൽ ചിലരുടെ പിന്തുണ അക്രമി സംഘത്തിന് ലഭിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവരെയും പിടികൂടും.
സംഭവത്തിൽ മൂന്ന് പ്രതികളെയാണ് ഇന്നലെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കർണ്ണാടക പുത്തൂർ ഗ്വാളിമുഖ സ്വദേശി പി. അബ്ദുൽ ഖാദർ (27), ആദൂർ കുണ്ടാർ സ്വദേശി മുഹമ്മദ് ഖൈസ് (23) കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷിജാസ് (27) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിലുള്ള ഇസ്‌തിയാഖ് മഹമൂദ്, തസ്ലീം എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. എട്ടു പേർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തിരുന്നത്. റേസിംഗിന് ഉപയോഗിച്ച ആറു കാറുകളും പൊലീസിന്റെ കസ്റ്റഡിയിലാണ്. ബേക്കൽ സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ പ്രൻസ് ജോൺ(27) സി.പി.ഒ അർജുൻ (29), ഡ്രൈവർ കൃഷ്‌ണനുണ്ണി(39) എന്നിവർക്കാണ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
ഓപ്പറേഷൻ തൂഫാൻ ആഭ്യന്തര വകുപ്പിന്റെ പരിപാടി ആണെന്നും അതിന്റെ പ്രചാരണം നടത്താൻ ഈ സംഘത്തെ ഏല്പിച്ചിട്ടില്ലെന്നും ബേക്കൽ പൊലീസ് പറഞ്ഞു. പള്ളിക്കര സ്കൂൾ ഗ്രൗണ്ടിൽ നിന്നും റെയ്‌സിംഗിനിടെ പൊലീസ് പിടിച്ചെടുത്ത കാറുകളിൽ മുഴുവൻ ലോകകപ്പിൽ കളിക്കുന്ന പോർച്ചുഗൽ ടീമിന്റെ ചിത്രങ്ങൾ പതിച്ചിരുന്നു. പോർച്ചുഗൽ ഫാൻസാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്.
പൊലീസുകാരെ സംഘം ചേർന്ന് അക്രമിച്ചതിനും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ചീത്തവിളിച്ചതിനുമാണ് കാർ റേസിംഗ് നടത്തിയവർക്കെതിരേ കേസെടുത്തത്. ചൊവ്വാഴ്‌ച വൈകിട്ട് ആറരയോടെ പള്ളിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താണ് കാർ റേസിംഗ് അരങ്ങേറിയത്. സംഘത്തിൽ ഒരാൾ എസ്.ഐയുടെ കൈയിൽ താക്കോൽ കൊണ്ട് കുത്തിപ്പരിക്കേൽപിച്ചിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |