SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.14 AM IST

കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിൽ നിന്നു ഫോൺ, 50 ഡ്രൈവർ കം കണ്ടക്ടർമാർ ഔട്ട്

ksrt
കെ.എസ്.ആർ.ടി.സി

കാസർകോട്: കെ.എസ്.ആർ.ടി.സിയുടെ ചീഫ് ഓഫീസിൽ നിന്നുള്ള ഒരു ഫോൺ വിളിയിൽ 50 ജീവനക്കാർ പുറത്ത്. കാസർകോട്-കാഞ്ഞങ്ങാട് യൂണിറ്റുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിതരായ 50 ഡ്രൈവർ കം കണ്ടക്ടർമാരുടെ ജോലിയാണ് തെറിച്ചത്.

എൽ.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ലഭിച്ച പേരുകളിൽ നിന്ന് ഇന്റർവ്യൂ നടത്തി തയ്യാറാക്കിയ ലിസ്റ്റിൽ നിന്ന് നിയമനം നൽകിയ ജീവനക്കാർക്കാണ് ഒറ്റയടിക്ക് ജോലി നഷ്ടമായത്.

ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ആൾക്ഷാമം പരിഹരിക്കാനാണ് നിയമനം നടത്താൻ തീരുമാനിച്ചത്. കെ.എസ്.ആർ.ടി.സിയിൽ ജോലിക്ക് വരാൻ ഡ്രൈവർമാർ ഇല്ലാത്ത സാഹചര്യത്തിൽ ഇന്റർവ്യൂവിൽ പങ്കെടുത്ത മുഴുവൻ പേർക്കും രാഷ്ട്രീയം നോക്കാതെ ജോലിയും കൊടുത്തിരുന്നു.

ഡ്രൈവർ, കണ്ടക്ടർ ജീവനക്കാരുടെ കുറവ് കാരണം ദൈനദിനം സർവീസ് മുടങ്ങുന്നതിനെ തുടർന്നാണ് ചീഫ് ഓഫിസിന്റെ അനുമതിയോടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഇന്റർവ്യൂവും പ്രാക്ടിക്കൽ ഡ്രൈവിംഗ് ടെസ്റ്റും നടത്തി 600 ഓളം പേരിൽ നിന്ന് യോഗ്യരായ 50 പേരെയാണ് കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലായി നിയമിച്ചത്. കോഷൻ ഡിപ്പോസിറ്റായി 10,000 രൂപയും അടപ്പിച്ചു. പുതുതായി ജോലിക്ക് നിയമിതരായവരിൽ മറ്റു ജോലികൾ ഉപേക്ഷിച്ച് വന്നവരുമുണ്ട്. അവർക്കിപ്പോൾ എവിടെയും ജോലി ഇല്ലാത്ത അവസ്ഥയിലുമായി.

ജോലി ചെയ്തത് 4 ദിവസം

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കഴിഞ്ഞ ദിവസമാണ് 50 പേർക്കും നിയമനം നൽകിയത്. എന്നാൽ വെറും നാല് ദിവസം മാത്രം ജോലിക്ക് കയറിയതിന് ശേഷമാണ് പുറത്തിരുത്താൻ ഫോണിൽ സന്ദേശം വന്നത്. ഡ്രൈവർ കം കണ്ടക്ടർ തസ്തിക ആയതിനാൽ ദീർഘദൂര സർവ്വീസുകളിൽ കൂടുതൽ സൗകര്യവുമായിരുന്നു. കോഷൻ ഡിപ്പോസിറ്റായി അടച്ച 10,000 രൂപ തിരിച്ചുകിട്ടുമോ എന്ന ആശങ്കയിലാണ് പിരിച്ചുവിടപ്പെട്ടവർ.

സുതാര്യമായ നിലയിൽ സർക്കാരിന്റെ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയുള്ള നിയമനങ്ങൾ അട്ടിമറിച്ച് പിൻവാതിലിലൂടെ സ്വന്തക്കാരെ നിയമിക്കാനുള്ള ഭരണകക്ഷിയിലെ ചിലയാളുടെ നീക്കമാണിതിന് പിന്നിലെന്ന് സംശയിക്കുന്നു. സുതാര്യമായ നിലയിൽ നിയമിതരായ ജീവനക്കാരെ അകാരണമായി പുറത്താക്കിയ നടപടി പിൻവലിക്കണം. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും.

പി. മണിമോഹൻ

ജനറൽ സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL