
കൊല്ലം: സാമ്പത്തികവർഷം അവസാനിക്കാൻ ഇന്നുൾപ്പടെ 12 നാൾ മാത്രം ബാക്കിനിൽക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ചെലവിടാൻ ബാക്കിനിൽക്കുന്നത് 327.8 കോടി. പദ്ധതി തുകയുടെ നാലാംഗഡു സർക്കാർ അനുവദിക്കാത്തതിനാൽ പൂർത്തിയായ പദ്ധതികളുടെ ബില്ല് സമർപ്പിക്കാനാകാത്ത അവസ്ഥയിലാണ് തദ്ദേശ സ്ഥാപനങ്ങൾ.
667.9 കോടി രൂപയുടെ ആകെ വാർഷിക പദ്ധതിയിൽ 340.1 കോടി രൂപ മാത്രമാണ് ഇന്നലെ വരെ ചെലവിട്ടത്. നാലാം ഗഡു അനുവദിക്കാൻ വൈകുന്നത് അനുസരിച്ച് നഷ്ടമാകുന്ന തുകയുടെ അളവ് വർദ്ധിക്കും. അവസാന ദിവസങ്ങളിൽ സമർപ്പിക്കുന്ന പല ബില്ലുകളും സ്പിൽ ഓവറാക്കി അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റാനും സാദ്ധ്യതയുണ്ട്. 50.92 % ആണ് ജില്ലയിലെ ആകെ പദ്ധതി ചെലവ്. എന്നാൽ കഴിഞ്ഞവർഷം ഈ സമയം പദ്ധതി ചെലവ് 80 ശതമാനത്തിന് മുകളിലെത്തിയിരുന്നു. കോടികൾ ചെലവിടാൻ ബാക്കി നിൽക്കുമ്പോഴും പദ്ധതി ചെലവിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ജില്ല.
കുഴച്ചത് രണ്ട് തിരഞ്ഞെടുപ്പുകൾ
തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ സമ്പത്തിക വർഷം പദ്ധതിനിർവഹണം താളം തെറ്റിച്ചത്
തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് പദ്ധതി നിർവഹണം വേഗത്തിലാക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല
കോടികൾ കുടിശ്ശികയായതിനാൽ കരാറുകാർ പല നിർമ്മാണ പ്രവൃത്തികളും ഏറ്റെടുത്തില്ല
ജനപ്രതിനിധികൾ കടുത്ത സമ്മർദ്ദം ചെലുത്തുന്ന പദ്ധതികൾ മാത്രമാണ് കരാറുകാർ ഏറ്റെടുക്കുന്നത്
പദ്ധതി ചെലവിൽ മുന്നിലുള്ള പഞ്ചായത്തുകൾ
മൈലം-64.58%
കുലശേഖരപുരം- 63.92%
തൊടിയൂർ- 63.58%
ചവറ- 62.86%
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്- 62.23%
50 ശതമാനം പിന്നിടാതെ ഏഴ് സ്ഥാപനങ്ങൾ
ജില്ലയിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങൾ ഇതുവരെ 50% തുക പോലും ചെവിട്ടിട്ടില്ല. ഇക്കൂട്ടത്തിൽ ഒരു മുനിസിപ്പാലിറ്റിയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |