ജാഗ്രതയില്ലാതെ ഇറങ്ങുന്നത് പ്രശ്നം
കൊല്ലം: കിണറ്റിൽ വീണുള്ള അപകടങ്ങൾ ജില്ലയിൽ പതിവാകുന്നത് ആശങ്ക പരത്തുന്നു. കടപ്പാക്കട ഫയർസ്റ്റേഷൻ പരിധിയിൽ മാത്രം ഒരാഴ്ചക്കിടെ ആറുപേരാണ് ഇങ്ങനെ അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ 23 ന് പുന്തലത്താഴം സ്വദേശിയായ യുവാവ് വെള്ളം കോരുന്നതിനിടെ 40 അടി താഴ്ചയുള്ള കിണറ്റിൽ വീണു. കഴിഞ്ഞ 24ന് പേരൂരിൽ 30 അടി താഴ്ചയുള്ള കിണറ്റിലാണ് പേരൂർ സ്വദേശിയായ വീട്ടമ്മയും രക്ഷിക്കാനിറങ്ങിയ മകനും അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ 26 ന് കിണറ്റിൽ തൊട്ടിയെടുക്കാൻ ഇറങ്ങുന്നതിനിടെ പുല്ലിച്ചിറ കാക്കോട്ടു മൂല സ്വദേശിയായ യുവാവും 28 ന് മുഖത്തല ശാന്തി തിയേറ്ററിന് സമീപം കിണറു പണിക്ക് ഇറങ്ങിയ ആളും അപകടത്തിൽപ്പെട്ടു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ എല്ലാവരെയും രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ജാഗ്രതക്കുറവ് കെണിയാവുകയാണ്. കിണറ്റിൽ ഇറങ്ങുന്നതിന് മുമ്പ് സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളേക്കുറിച്ചും അപകട സാദ്ധ്യതകളെക്കുറിച്ചും അറിവില്ലാത്തതാണ് പ്രശ്നം.
വേണം ഓക്‌സിജൻ
ദിവസവും വെള്ളം കോരുന്ന കിണറ്റിൽ തൊട്ടി മുകളിലേക്കും താഴേക്കും ചലിക്കുന്നതിനാൽ വായുസഞ്ചാരം സ്ഥിരമായി നിലനിൽക്കും. ഓക്‌സിജന്റെ സാന്നിദ്ധ്യം ഒഴിയില്ല. എന്നാൽ ഒരു ചലനവുമില്ലാത്ത കിണറ്റിൽ ഭൂമിക്കടിയിൽനിന്ന് ഉണ്ടാകുന്ന വിഷവാതകങ്ങൾ പുറത്തുപോകാതെ കിണറ്റിൽത്തന്നെ തങ്ങിനിൽക്കും. ഇതാണ് കിണറ്റിലിറങ്ങുന്നവർ ഓക്‌സിജൻ ലഭിക്കാതെ അകപ്പെടാൻ കാരണം. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തരം മോട്ടോറുകൾ ഉപയോഗിക്കുന്ന കിണറുകളിൽ കാർബൺ മോണോക്‌സൈഡിന്റെ സാന്നിദ്ധ്യത്തിനു സാദ്ധ്യതയേറെയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത്തരം കിണറുകളിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. കാർബൺ മോണോക്‌സൈഡ് ശ്വസിക്കുന്നതോടെ കിണറ്റിൽ കുഴഞ്ഞുവീഴുന്നവരെ നിശ്ചിത സമയത്തിനുള്ളിൽ പുറത്തെത്തിച്ച് ചികിത്സ നൽകിയില്ലെങ്കിൽ മരണം സംഭവിക്കാം.
കിണറ്റിലിറങ്ങും മുൻപ് ശ്രദ്ധിക്കണം
ഒരു കഷ്ണം കടലാസോ മെഴുകുതിരിയോ കത്തിച്ചു കിണറ്റിലേക്ക് ഇറക്കി നോക്കുക
കിണറ്റിന്റെ അടിയിൽ വരെ തീ കെടാതെ എത്തുകയാണെങ്കിൽ ഓക്‌സിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാം
മറിച്ചെങ്കിൽ തീ കെട്ടുപോകുന്ന ആഴം വരെയാകും ഓക്‌സിജനുണ്ടാവുക
കിണറ്റിൽ ഓക്‌സിജൻ ലഭിക്കാൻ വെളളം കോരി കിണറ്റിലേക്കു പലതവണ ഒഴിക്കണം
മരച്ചില്ലകൾ കയറ്റിയിറക്കണം
മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോട്ടോറുകളുള്ള കിണറുകളിൽ ശാസ്ത്രീയ സഹായം ഇല്ലാതെ ഇറങ്ങരുത്
വടം ഉപയോഗിച്ചു വേണം കിണറ്റിൽ ഇറങ്ങേണ്ടത്
കിണറ്റിൽ ഇറങ്ങുന്ന ആളിന്റെ അരയിൽ, മുകളിലേക്ക് എളുപ്പത്തിൽ കയറ്റാൻ കഴിയുന്ന കയർ ബന്ധിപ്പിച്ചിട്ടുണ്ടാകണം
ശ്വസനോപകരണങ്ങൾ ഉപയോഗിക്കുന്നത് ഉചിതം
കിണറ്റിൽ ആൾ കുഴഞ്ഞുവീണാൽ മുകളിൽനിന്ന് തുടർച്ചയായി വെള്ളം തളിച്ചുകൊടുക്കണം
കിണറ്റിൽ ഇറങ്ങുന്നതിനു മുൻപ് സമീപത്തെ ഫയർസ്റ്റേഷനിൽ വിവരം അറിയിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |