കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്നു. ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ പര്യടനം പൂർത്തിയാകും. ഇതോടെ സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് തേടുന്നതിനൊപ്പം അടിയൊഴുക്കുകൾക്കുള്ള ശ്രമവും ആരംഭിക്കും.
സംസ്ഥാനത്തെ ഭരണം നിർണയിക്കുന്നതിൽ ജില്ലയിലെ ജനവിധി നിർണായകമാണ്. അതുകൊണ്ട് തന്നെ ജില്ലയിൽ കാര്യമായ തിരിച്ചടികൾ ഉണ്ടാകാതിരിക്കാൻ എൽ.ഡി.എഫും ജില്ലയാകെ ഉലച്ച് വൻ ചലനം സൃഷ്ടിക്കാൻ യു.ഡി.എഫും പരിശ്രമിക്കുന്നു. ജില്ലയിൽ അക്കൗണ്ട് തുറക്കുന്നതിന് പുറമേ വൻ വഴിത്തിരിവ് സൃഷ്ടിക്കാനുള്ള തീവ്രമായ നീക്കങ്ങളിലാണ് എൻ.ഡി.എ. പാർട്ടി ഓഫീസുകളിലും മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലും രാത്രി വൈകിയും അവലോകന യോഗങ്ങൾ നടക്കുകയാണ്. സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും അർദ്ധരാത്രി കഴിഞ്ഞാണ് ഉറക്കം. പാർട്ടി പ്രവർത്തകർ ഉറക്കമിളച്ചാണ് പോസ്റ്റർ ഒട്ടിക്കുന്നതും പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതും.
വാക് പോര് മുറുകി
ജില്ലയിലെത്തിയ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെയും യു.ഡി.എഫിനെയും രൂക്ഷമായി കടന്നാക്രമിച്ചാണ് മടങ്ങിയത്. തുടർന്നെത്തിയ പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളുയർത്തി. കഴിഞ്ഞ ദിവസമെത്തിയ ജെ.പി.നദ്ദ, കിരൺ റിജിജു അടക്കമുള്ള കേന്ദ്ര മന്ത്രിമാർ യു.ഡി.എഫിനും എൽ.ഡി.എഫിനും എതിരെ ശക്തമായ ആരോപണങ്ങളുയർത്തി. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെ ഇന്ന് കൊട്ടാരക്കരയിൽ എത്തുന്നുണ്ട്. നേതാക്കൾ ഉയർത്തുന്ന ആരോപണങ്ങൾ അടിത്തട്ടിൽ പ്രവർത്തകരും ഏറ്റെടുക്കുകയാണ്.
കാര്യമായ അക്രമസംഭവങ്ങളില്ല
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ജില്ലയിൽ ഇതുവരെ കാര്യമായ അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. കേന്ദ്ര സേനയുടെ നിരവധി സംഘങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രശ്നർബാധിത മേഖലകളിൽ പൊലീസിന് പുറമേ കേന്ദ്രസേനയും നിരീക്ഷണം നടത്തുന്നുണ്ട്. രാത്രികാലങ്ങളിലടക്കം സ്ഥാനാർത്ഥികളുടെ പ്രചാരണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് പട്രോളിംഗുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |