SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.56 AM IST

സ്ത്രീകൾ കൂട്ടത്തോടെ പ്രിയദർശിനിയിൽ

കൊല്ലം: സൗജന്യ യാത്ര ആരംഭിച്ചതോടെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ കൂട്ടത്തോടെ കയറി സ്ത്രീകൾ. കൊല്ലം ഡിപ്പോയിലെ ഓർഡിനറി ബസുകളിൽ മാത്രം പദ്ധതിയുടെ ആദ്യദിനമായ തിങ്കളാഴ്ച നാലായിരത്തിൽ അധികം സ്ത്രീകൾ കൂടുതലായി കയറി.

കൊല്ലം ഡിപ്പോയിൽ ആകെ 44 ഓർഡിനറി ഷെഡ്യൂളുകളാണുള്ളത്. അവധി കഴിഞ്ഞുള്ള ദിവസമായതിനാൽ തിങ്കളാഴ്ചകളിൽ മറ്റ് ദിവസങ്ങളിലേതിനേക്കാൾ കൂടുതൽ യാത്രക്കാരുണ്ടാകും. ഈമാസത്തെ രണ്ടാമത്തെ തിങ്കളാഴ്ചയായ എട്ടിന് 22816 യാത്രക്കാരാണ് കൊല്ലം ഡിപ്പോയിലെ ഓർഡിനറി ബസുകളിൽ കയറിയത്. എന്നാൽ പ്രിയദർശിനി പദ്ധതി ആരംഭിച്ച ഇക്കഴിഞ്ഞ തിങ്കളാഴ്ച ആകെ യാത്രക്കാരുടെ എണ്ണം 27509 ആയി ഉയർന്നു. അധികമായി കയറിയ 4693 പേർ സ്ത്രീകളാണെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ഡിപ്പോകളിലെ ഓർഡിനറി ബസുകളിലും സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ ആനുപാതിക വർദ്ധനവുണ്ടായിട്ടുണ്ട്. ഈമാസം എട്ടിന് 15,73,883 രൂപയായിരുന്നു കൊല്ലം ഡിപ്പോയിലെ ആകെ വരുമാനം. ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്ത്രീകളുടെ സീറോ ടിക്കറ്റ് സഹിതം ആകെ പോയ ടിക്കറ്റുകളുടെ തുക 17,17,040 ആയി ഉയർന്നു.

വരുമാനം ഇടിഞ്ഞ് സ്വകാര്യ ബസുകൾ

ഓർഡനറി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം മുപ്പത് ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഭൂരിഭാഗം സ്വകാര്യ ബസുകളുടെയും മുതലാളിമാർ ജീവനക്കാർക്ക് സ്വന്തം കൈയിൽ നിന്നുകൂടി പണമെടുത്താണ് ശമ്പളം നൽകിയത്. പദ്ധതിയുടെ തുടക്കത്തിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളെ ആശ്രയിക്കുന്ന വനിതാ യാത്രക്കാർ വൈകാതെ മടങ്ങിവരുമെന്നാണ് സ്വകാര്യ ബസുടമകളുടെ പ്രതീക്ഷ. അതേസമയം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണവും ഇടിഞ്ഞിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL