ശാസ്‌താംകോട്ട: മൈനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിനിയായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാതായിട്ട് മൂന്നാഴ്ച പിന്നിട്ടു. മൈനാഗപ്പള്ളി കല്ലേലിഭാഗം ഇജാസ് ലാന്റിൽ ഇജാസിന്റെ ഭാര്യ അഞ്ജു രാജ് (30), മക്കളായ ഇനൽ (7), ഇനിയ (4) എന്നിവരെയാണ് കഴിഞ്ഞ ജൂൺ 1ന് ഉച്ചയോടെ കാണാതായത്.
ഇജാസുമായി തലേദിവസമുണ്ടായ വഴക്കിനെ തുടർന്ന് കുട്ടികളെയും കൂട്ടി അഞ്ജു വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. കാണാതായതിന്റെ അടുത്ത ദിവസം തന്നെ ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ജൂൺ 3ന് തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിലെ സി.സി ടി.വി ദൃശ്യങ്ങളിൽ അഞ്ജുവും കുട്ടികളും ഉള്ളതായി കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവരെ ശംഖുമുഖം ബീച്ചിലും ബീമാപള്ളി പരിസരത്തും കണ്ടതായി വിവരം ലഭിച്ചു. എന്നാൽ പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
മൊബൈൽ ഫോണെടുക്കാതെയാണ് അഞ്ജു വീടുവിട്ടിറങ്ങിയത്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും ഊർജ്ജിതമായ അന്വേഷണം നടക്കുന്നില്ലെന്നാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും ആക്ഷേപം. പോരുവഴി ഇടയ്ക്കാട് തെക്ക് അനന്തു ഭവനത്തിൽ രാജുവിന്റെയും സുജാതയുടെയും മകളാണ് അഞ്ജു രാജ്. ഏഴുവർഷം മുമ്പാണ് ഇജാസുമായി പ്രണയിച്ച് വിവാഹം കഴിച്ചത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8281298481, 8547738837 എന്നീ നമ്പറുകളിൽ അറിയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |