SignIn
Kerala Kaumudi Online
Sunday, 05 July 2026 7.35 AM IST

ഫണ്ടി​ല്ല, അങ്കണവാടികളിൽ... പേരി​ലൊതുങ്ങുന്നു പോഷകാഹാരം

കൊല്ലം: സർക്കാർ അനുവദിക്കുന്ന തുക ഒന്നിനും തികയാത്തതിനാൽ, അങ്കണവാടികളിലെ പോഷകാഹാര വിതരണം പേരിലൊതുങ്ങുന്നു. ഒരു കുട്ടിക്ക് ദിവസേന മുഴുവൻ ഭക്ഷണച്ചെലവുകൾക്കുമായി സർക്കാർ നൽകുന്നത് 5 രൂപയാണ്! മുട്ടയ്ക്ക് 7.50 രൂപയും. നിലവിലെ വിപണി വിലയുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത ഈ പട്ടിക അങ്കണവാടി ജീവനക്കാരെ കടക്കെണിയിലാക്കുകയാണ്.

30 കുട്ടികൾ വരെയുള്ള ഒരു സാധാരണ അങ്കണവാടിയിൽ മെനു അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഒരു മാസം ശരാശരി 4,000 രൂപയോളമാണ് ജീവനക്കാർക്ക് സ്വന്തം കൈയിൽ നിന്ന് മുടക്കേണ്ടി വരുന്നത്. മിൽമ പാൽ ലിറ്ററിന് 60 രൂപ സർക്കാർ അനുവദിക്കുന്നുണ്ട്.എന്നാൽ മറ്റ് വിഭവങ്ങളുടെ കാര്യത്തിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്.

റേഷനരി ഉപയോഗിച്ചാണ് ചൊവ്വാഴ്ചകളിൽ മുട്ട ബിരിയാണി ഒരുക്കുന്നത്. ഇതിന്കിലോയ്ക്ക് 120 രൂപ കടന്ന കാരറ്റും 90 രൂപയിലെത്തിയ ബീൻസും നിർബന്ധമാണ്. ഇവയുൾപ്പെടെ ജീവനക്കാർ ശമ്പളത്തിൽ നിന്നു മുടക്കിയാണ് വാങ്ങുന്നത്. ബില്ലുകൾ പിന്നീട് തദ്ദേശ സ്ഥാപനങ്ങളിൽ സമർപ്പിക്കുമെങ്കിലും തുക കിട്ടുന്നത് മാസങ്ങൾ കഴിഞ്ഞാണ്.

പത്ത് വർഷത്തിന് മുകളിൽ പ്രവൃത്തിപരിചയമുള്ള വർക്കർക്ക് ക്ഷേമനിധി വിഹിതം 500 പിടിച്ച ശേഷം 14,500 രൂപയും ഹെൽപ്പർക്ക് 11,500 രൂപയുമാണ് നിലവിലെ ശമ്പളം. പ്രവൃത്തിപരിചയം കുറഞ്ഞവർക്ക് 500 വീതം കുറയും. പുതിയ സർക്കാർ പ്രഖ്യാപിച്ച വർദ്ധനവ് നിലവിൽ വന്നിട്ടില്ല.

ഇടപെടൽ അനിവാര്യം

തുച്ഛമായ ശമ്പളത്തിൽ നിന്നാണ് മാസം തോറും വലിയൊരു തുക കുട്ടികളുടെ ഭക്ഷണത്തിനായി ജീവനക്കാർ മുൻകൂർ മുടക്കുന്നത്. പ്രതിദിന ഭക്ഷണച്ചെലവിനുള്ള സർക്കാർ ഫണ്ട് കാലോചിതമായി പരിഷ്കരിക്കുകയും കൃത്യസമയത്ത് ലഭ്യമാക്കുകയും ചെയ്തില്ലെങ്കിൽ അങ്കണവാടികൾ വഴി കുട്ടികൾക്ക് ലഭിക്കേണ്ട യഥാർത്ഥ പോഷകാഹാരം വെറും കടലാസിലൊതുങ്ങും.

30 കുട്ടികളുള്ള അങ്കണവാടിയിൽ ഒരു മാസത്തേക്ക്

 ആഴ്ചയിൽ മൂന്ന് ദിവസം വീതം ഒരു മാസം 360 മുട്ട വേണം. ഒരുമുട്ടയ്ക്ക് സർക്കാർ നൽകുന്നത് 7.50 രൂപ, വിപണിയിൽ ശരാശരി 1.50 രൂപ അധികം, മാസം 540 രൂപയുടെ അധികച്ചെലവ്.

 ഒരു കുട്ടിയുടെ ഒരു ദിവസത്തെ ചെലവിന് സർക്കാർ നൽകുന്നത് 5 രൂപ, വിപണി വിലയനുസരിച്ച് വേണ്ടത് 10 രൂപ. 24 പ്രവൃത്തി ദിനങ്ങൾ കണക്കാക്കിയാൽ ഒരു കുട്ടിക്ക് മാസം 120 ജീവനക്കാർക്ക് അധിക ബാദ്ധ്യത, 30 കുട്ടികൾക്ക് ഇത് 3,600 രൂപ.

 ഒരു മാസം കുറഞ്ഞത് 4,140 രൂപ (ഏകദേശം 4,000 രൂപ) ജീവനക്കാർ കൈയിൽ നിന്ന് എടുക്കേണ്ട സ്ഥിതി.

 കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബാദ്ധ്യത ഇരട്ടി. പണം മുടക്കാൻ ബുദ്ധിമുട്ടുള്ള അങ്കണവാടികളിൽ വിതരണം പേരിന് മാത്രം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL