കൊല്ലം: വൈക്കം മുഹമ്മദ് ബഷീറിന്റെ മുഖം വരയ്ക്കാൻ എളുപ്പമാണ്. എന്നാൽ അദ്ദേഹത്തിന്റെ ചിന്തകളെയും ജീവിതദർശനത്തെയും ആ ചിത്രത്തിലൂടെ ആവിഷ്കരിക്കുക ദുഷ്കരമാണ്. ഈ വെല്ലുവിളി മനോഹരമായി ഏറ്റെടുത്ത് വിജയിച്ചിരിക്കുകയാണ് പുത്തൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് കോളേജിലെ ബി.എ.എം.എസ് രണ്ടാം വർഷം വിദ്യാർത്ഥിനി ആമിന ബാദുഷ.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനത്തോടനുബന്ധിച്ചാണ് ആമിന ബാദുഷ വേറിട്ടൊരു ബഷീർ ചിത്രം വരച്ചത്. ആദ്യനോട്ടത്തിൽ ബഷീറിന്റെ മുഖം മാത്രമാണ് കാണുന്നത്. എന്നാൽ ഓരോ നിമിഷവും ചിത്രം മറ്റൊരു കഥ പറഞ്ഞുതുടങ്ങുന്നു. അപ്പോഴാണ് ഇത് വെറും ചിത്രമല്ലെന്നും ബഷീർ എന്ന എഴുത്തുകാരന്റെ ആത്മാവിന്റെ ഭൂപടമാണെന്നും തിരിച്ചറിയുന്നത്. തുറന്ന തലയോട്ടിക്കുള്ളിൽ നിന്ന് പൊട്ടിമുളയ്ക്കുന്ന മരങ്ങളും ഇലകളും കലാസങ്കൽപമല്ല. അനുഭവങ്ങളെ കഥകളായും മനുഷ്യരെ കഥാപാത്രങ്ങളായും ജീവിതത്തെ സാഹിത്യമായും മാറ്റിയ ബഷീറിന്റെ അനന്തമായ സർഗാത്മകതയുടെ രൂപകമാണത്. ചിന്തകൾക്ക് അതിരുകളില്ലെന്നും എഴുത്തുകാരന്റെ യഥാർഥ ലോകം മനസിനുള്ളിലാണെന്നും ചിത്രം നിശ്ശബ്ദമായി പറയുന്നുണ്ട്.
അത് വെറുമൊരു ആടല്ല!
ചിത്രത്തിന്റെ നെറുകയിലായി നിൽക്കുന്ന ആട്, പാത്തുമ്മായുടെ ആട് മുതൽ ബഷീറിന്റെ സാഹിത്യലോകത്തെ ജനകീയമാക്കിയ സാധാരണ ജീവിതത്തിന്റെ പ്രതീകമാണെന്ന് ആമിന ബാദുഷ പറയുന്നു. മുഖത്തിന്റെ ഒരു ഭാഗം മരത്തിന്റെ ശാഖകളായി രൂപാന്തരപ്പെടുമ്പോൾ മനുഷ്യനും പ്രകൃതിയും ജീവിതവും സാഹിത്യവും ബഷീറിൽ വേർപിരിയാനാകാത്ത ഘടകങ്ങളാണെന്ന് ചിത്രം ഓർമ്മിപ്പിക്കുന്നു. ചെറുപ്പം മുതൽ എഴുത്തിലും വായനയിലും താത്പര്യമുള്ള ആമിന മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. പൊതുപ്രവർത്തകനായ അഡ്വ. തേവലക്കര ബാദുഷയാണ് പിതാവ്. കരുനാഗപ്പള്ളി അഴീക്കൽ ഗവ. ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപിക സബീന റാണിയാണ് മാതാവ്. സഹോദരൻ: ബിലാൽ ബാദുഷ.
ബഷീറിന്റെ മുഖം വരയ്ക്കുക മാത്രമായിരുന്നില്ല എന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ ചിന്തകളും ജീവിതവും സാഹിത്യവും ഒരൊറ്റ ചിത്രത്തിൽ വായിച്ചെടുക്കാൻ കഴിയുന്ന അനുഭവമാക്കാനായിരുന്നു ശ്രമം
ആമിന ബാദുഷ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |