SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.20 AM IST

​​ചിറ്റാർ പാലത്തിനു സമീപം കാലിൽ മുറിവേറ്റ് പിടിയാന

ty
ഗുരുതര പരിക്കേറ്റ നിലയിൽ പിടിയാന

​പുനലൂർ: പുനലൂർ അച്ചൻകോവിൽ ചിറ്റാർ പാലത്തിനു സമീപം പിൻകാലിന് ഗുരുതര പരിക്കേറ്റ നിലയിൽ പിടിയാനയെ കണ്ടെത്തി. കാൽ നിലത്തുറപ്പിക്കാൻ പോലും കഴിയാതെ വേദനകൊണ്ട് പുളയുന്ന ദയനീയാവസ്ഥയിലാണ് ആന.

​കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ കുളത്തൂപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ ജീവനക്കാരായ ഫസീല, മനീഷ എന്നിവർ ആദിവാസി ഉന്നതിയിലുള്ളവർക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്ത് മടങ്ങുന്നതിനിടെയാണ് ചിറ്റാർ പാലത്തിന് സമീപമുള്ള കൽച്ചിറ ഭാഗത്തെ അച്ചൻകോവിൽ ആറ്റിൽ ആനക്കൂട്ടത്തെ കണ്ടത്. ​പത്തോളം വരുന്ന ആനക്കൂട്ടത്തിൽ, ആറ്റിൽ നിന്ന പിടിയാനയ്ക്കാണ് ഗുരുതര പരിക്കുള്ളത്. നിലത്ത് ചവിട്ടാൻ കഴിയാത്ത വിധം ആനയുടെ കാലിൽ എന്തോ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവുണ്ടെന്ന് നാട്ടുകാർ പറയുന്നു. നടക്കാൻ ശ്രമിക്കുമ്പോൾ പലതവണ ആന ആറ്റിൽ വീഴുന്നതും കൂടെയുള്ള ഒരു ഒറ്റയാൻ തുമ്പിക്കൈ ഉപയോഗിച്ച് ആനയെ താങ്ങി എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും ഹൃദയഭേദകമായ കാഴ്ചയായി.

​ദിവസങ്ങളായി ഈ ഭാഗത്ത് ആനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ, ഭയന്ന് ആരും അടുത്തേക്ക് ചെല്ലാറില്ല. ആനയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും വനംവകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. അടിയന്തരമായി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ പിടിയാന ചരിയാൻ സാദ്ധ്യതയേറെയാണെന്നും നാട്ടുകാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL