SignIn
Kerala Kaumudi Online
Friday, 17 July 2026 3.33 AM IST

കാറ്റും പോയ് മഴക്കാറും പോയ്

കർക്കിടകത്തിലും കനത്ത വെയിൽ, ജനജീവിതവും കൃഷിയും കരിയുന്നു

കോട്ടയം: തോരാമഴ പെയ്യേണ്ട കർക്കിടക മാസത്തിലും വെയിൽ കനത്തു. ആറുകളിലും തോടുകളിലും രണ്ടു തവണയെങ്കിലും വെള്ളംപൊങ്ങേണ്ട സമയം കഴിഞ്ഞു. കിണറുകൾ നിറയേണ്ടതിനു പകരം കടുത്ത പകൽ ചൂടിൽ വെള്ളം വറ്റി. കുടിവെള്ളക്ഷാമമുണ്ടാക്കുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.

മഴപെയ്യാത്തത് ഓണ വിപണി ലക്ഷ്യം വച്ചുള്ള ഏത്തവാഴ,പച്ചക്കറി കൃഷിയെയും ബാധിച്ചു. നന കുറഞ്ഞാൽ കടുത്ത ചൂടിൽ കുല മൂപ്പെത്തുംമുമ്പ് വാഴകൾ ഒടിഞ്ഞു വീഴും. കിലോയ്ക്ക്‌ 40 ആയിരുന്ന ഏത്തക്കായക്ക് 60 -65രൂപയാണിപ്പോൾ. ഉത്പാദനം കുറഞ്ഞാൽ നേന്ത്രക്കായ വില ഓണക്കാലത്ത് കുതിച്ചുയർന്നേക്കും. രണ്ടാം കൃഷിയിൽ വെള്ളം പൊങ്ങിമട വീഴുമെന്നു ഭയന്ന കർഷകർ നെല്ലിൻ ചുവട്ടിൽ വെള്ളമെത്തിക്കാൻ പാടുപെടുകയാണ്. നെൽച്ചെടികൾ ഉണങ്ങുന്നത് വിളവിനെ ബാധിക്കും.

തണുത്ത കാലാവസ്ഥക്കു പകര ചൂട് കൂടിയത് കർക്കിടക സുഖ ചികിത്സയെയും കർക്കിടക കഞ്ഞി വിൽപ്പനയെയും സാരമായി ബാധിച്ചെന്ന് ആ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു,

കാലവർഷത്തിൽ കനത്ത കുറവ്

കാലവർഷത്തിൽ 30 ശതമാനത്തിലേറെ കുറവാണ് കോട്ടയം ജില്ലയിൽ അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. അന്തരീക്ഷ താപനിലയിൽ മൂന്നു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിച്ചതോടെ പകലും രാത്രിയും ചൂടാണ്.

താപനില കോട്ടയത്ത് 33.5ഡിഗ്രി സെൽഷ്യസിനു മുകളിലുമെത്തി.

പകൽ ചൂട് വേനൽക്കാലത്തിന് സമാനമായി.

34 ഡിഗ്രിയുള്ള കോഴിക്കോടിനു പിന്നിൽ ഉയർന്നതാപനിലയിൽ രണ്ടാം സ്ഥാനത്ത് കോട്ടയമാണ്.

പടിഞ്ഞാറൻ കാറ്റ് ദുർബലമായി മഴകുറഞ്ഞു

ശക്തിയേറിയ പടിഞ്ഞാറൻ കാറ്റാണ് മഴമേഘങ്ങളെ കരയിലേക്ക് തള്ളിക്കയറ്റി മഴ പെയ്യിക്കുന്നത്.

മദ്ധ്യ പസഫിക്കിൽ എൽനിനോ ശക്തിപ്രാപിച്ചതു കാരണം പടിഞ്ഞാറൻ കാറ്റ് ദുർബലമായതാണ് കേരളത്തിൽ മഴ കുറയാൻ കാരണം.

വൈദ്യുതിക്ഷാമം

മഴ കുറഞ്ഞത് വൈദ്യുത ഉത്പാദനത്തെയും ബാധിച്ചു. അപ്രഖ്യാപിത കറന്റുകട്ടിനു പകരം എന്നും ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ട ഗുരുതരസ്ഥിതിയാണിപ്പോൾ.

കാലാവസ്ഥാ വ്യതിയാനത്തിലൂടെ ഇത്തരമൊരു സ്ഥിതി തുടരുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കും

ഡോ. ശെൽവരാജ്

കാലാവസ്ഥാ വിദഗ്ദൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL