കൊയിലാണ്ടി: അരനൂറ്റാണ്ട് കാലത്തെ തിരഞ്ഞെടുപ്പ് വാർത്തകൾ അന്വേഷിച്ചെത്തുന്നവരെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയാണ് മരാംമുറ്റം തെരുവിലെ ശ്രീനിവാസൻ വക്കീൽ. നാല് ദിനപത്രങ്ങൾ ഇടംപിടിച്ചിട്ടുള്ള ഓഫീസ് മുറിയിൽ അടിയന്തരാവസ്ഥക്ക് ശേഷം, 1977 ലെ തിരഞ്ഞെടുപ്പ് അടക്കമുള്ള സംഭവങ്ങൾ അടങ്ങിയ ദിനപത്രങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്.
ശ്രീനിവാസന്റെ പിതാവ് ചെരിയാല കുഞ്ഞിക്കുട്ടൻ നായരാണ് ഈ ശീലം തുടങ്ങിയത്. അദ്ദേഹത്തിന്റെ മരണശേഷം ശേഖരിച്ച പത്രങ്ങൾ മകൻ തന്റെ വീട്ടിലേക്ക് മാറ്റി. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ പലരും തന്നെ സമീപിക്കാറുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞു. കൊയിലാണ്ടി ഹൈസ്കൂൾ മൈതാനത്ത് ദേശീയ നേതാക്കൾ പങ്കെടുത്ത പൊതുയോഗ വാർത്തകളും പടങ്ങളും ശേഖരിക്കാൻ പ്രാദേശിക പ്രവർത്തകർ വീട്ടിലെത്താറുണ്ട്. പത്രങ്ങൾ ആവശ്യം കഴിഞ്ഞാൽ തിരിച്ച് നൽകണം എന്നതാണ് നിബന്ധന. പൊടിഞ്ഞു പോയ ചില പത്രങ്ങൾ എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് ശ്രീനിവാസൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |