കോഴിക്കോട്: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രചാരണം കൊഴുപ്പിച്ച് മുന്നണികളും നേതാക്കളും. പ്രമുഖരെ കണ്ട് തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുകയാണ് പ്രമുഖ നേതാക്കൾ.
താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയലിനെ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു.
ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായ ഇവിടെ ബിഷപ്പിന്റെ സഹായം അഭ്യർത്ഥിച്ചു. ലീഗ് സ്ഥാനാർത്ഥി സി.കെ കാസിമിന് പിന്തുണ തേടി. തിരുവമ്പാടി സീറ്റ് കോൺഗ്രസുമായി വെച്ചുമാറുന്നത് തിരഞ്ഞെടുപ്പിന് മുമ്പ് ചർച്ച ചെയ്തെങ്കിലും ലീഗ് പിന്മാറിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് സന്ദർശനം. യു.ഡി.എഫ് സ്ഥാനാർത്ഥി സി.കെ കാസിമും ഒപ്പമുണ്ടായിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ബിഷപ്പ് ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പു നൽകി.
എല്ലാ മുന്നണികളുടെയും ദേശീയ നേതാക്കളടക്കം ഏപ്രിൽ ആദ്യവാരം ജില്ലയിൽ പ്രചാരണത്തിനെത്തും.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയും ഇതിനകം എൻ.ഡി.എ, യു.ഡി.എഫ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തത് അണികളിൽ ആവേശം പകർന്നു. ഏപ്രിൽ 4, 5 തിയതികളിൽ ശശി തരൂർ പ്രചാരണത്തിനെത്തും. വിവിധ നേതാക്കളെ സന്ദർശിക്കും. മറ്റ് ദേശീയ നേതാക്കളെയും പങ്കെടുപ്പിക്കാനാണ് യു.ഡി.എഫ് ശ്രമം.
എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ രണ്ടിന് വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും. മറ്റ് നേതാക്കളായ എം.എ ബേബി, തേജസ്വിനി യാദവ്, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ബിനോയ് വിശ്വം തുടങ്ങിയവർ പങ്കെടുക്കും.
അതിനിടെ പ്രതീക്ഷിച്ച ചിഹ്നം ലഭിക്കാത്തതിന്റെ പ്രതിഷേധത്തിലും അങ്കലാപ്പിലുമാണ് സ്ഥാനാർത്ഥികളിൽ ചിലർ. വടകരയിൽ കെ.കെ രമയ്ക്ക് ഫുട്ബോൾ ചിഹ്നത്തിന് പകരം ടെലിവിഷനാണ് അനുവദിച്ചത്. തത്കാലം ഇത് അംഗീകരിക്കുമെങ്കിലും വിഷയത്തെ നിയമപരമായി നേരിടാനാണ് അവരുടെ നീക്കം. കോഴിക്കോട് സൗത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിന് ഗ്ലാസ് ചിഹ്നത്തിന് പകരം ബക്കറ്റാണ് അനുവദിച്ച ചിഹ്നം. ഗ്ലാസ് ചിഹ്നം വച്ച് പ്രചാരണവും നടത്തിയിയിരുന്നു. കുന്ദമംഗലത്തെ എൽ.ഡി.എഫ് സ്വതന്ത്രൻ പി.ടി എ റഹീമിനും ഗ്ളാസിന് പകരം ബക്കറ്റാണ് ലഭിച്ചത്. ബേപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവറിന് ഗ്യാസ് സിലിണ്ടറാണ് ചിഹ്നം.
സ്ഥാനാർത്ഥികൾക്ക് തലവേദനയായി അപരപ്പട
കോഴിക്കോട്: ജില്ലയിലെ 13 മണ്ഡലങ്ങളിൽ കോഴിക്കോട് സൗത്ത് ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും അപരപ്പട. ബേപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവറിനാണ് ഏറ്റവും കൂടുതൽ അപരന്മാരുള്ളത്, നാലുപേർ. അതിനിടെ വോട്ടിംഗ് മെഷീനിൽ തന്നെ അപരന്മാർക്കും പിന്നിലാക്കിയെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമാണ് അൻവർ. എൻ.ഡി.എ സ്ഥാനാർത്ഥി പ്രകാശ്ബാബുവും എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.എ മുഹമ്മദ് റിയാസും കഴിഞ്ഞാൽ പിന്നെ അപരന്മാരാണ്. മൂന്ന് അപരന്മാർക്ക് ശേഷമാണ് അൻവറിന്റെ പേര്.
മൂന്ന് അൻവറും ഒരു അൻവർഅലി ഹസനും സ്വതന്ത്രരായി മത്സരിക്കുന്നു. ബേപ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന് തലവേദനയായി പി.സി.മുഹമ്മദ് റിയാസ് മത്സരിക്കുന്നുണ്ട്. എലത്തൂരിൽ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ എൻ.സി.പി അജിത്പവാർ വിഭാഗത്തിലെ പി.കെ ശശീന്ദ്രൻ മത്സരിക്കുന്നു. ഇവിടെ സ്വതന്ത്രനായി വി.കെ.ശശീന്ദ്രനും മത്സരരംഗത്തുണ്ട്. എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ മത്സരിക്കുന്ന പേരാമ്പ്രയിലുമുണ്ട് അപരന്മാർ. കെ.രാമകൃഷ്ണനും ടി. എം. രാമകൃഷ്ണനും. ഇവിടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയ്ക്ക് രണ്ട് അപരന്മാരുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |