SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.03 AM IST

പരമ്പര 2.... ആശ്രയം അന്യമാകരുത് ഇവിടം സുഖമാണ്; നവജാതശിശുക്കൾക്ക്

hospital
hospital

''മഞ്ചേരിയിലും കണ്ണൂരിലെയും മെഡി.കോളേജുകളും ചില സ്വകാര്യ ആശുപത്രിക്കാരും നവജാത ശിശുക്കളെ ഇവിടേക്ക് എത്തിക്കട്ടെ എന്ന് വിളിച്ച് ചോദിക്കാറുണ്ട്. പക്ഷേ ഇവിടുള്ള ഐ.സി.യുകൾ എപ്പോഴും ഫില്ലായിരിക്കും. മാസം തികയാതെയും മറ്റ് ഗുരുതര പ്രശ്നങ്ങളോടേയും ജനിക്കുന്ന കുഞ്ഞുങ്ങളെ മൂന്നുമാസമോ അതിൽ കൂടുതലോ വെന്റിലേറ്റർ സഹായത്തോടെ കിടത്തണം. അപ്പോൾ നമ്മളെന്തുചെയ്യും?'' മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ.അരുൺ പ്രീതിന്റെ വാക്കുകളിൽ നിസ്സഹായത. ഇത്തരത്തിൽ നിരവധി ഫോൺ കോളുകളാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് ദിവസവുമെത്തുന്നത്. എന്നാൽ മുഴുവൻ സമയവും കുഞ്ഞുങ്ങൾക്ക് മികച്ച ചികിത്സ നൽകുന്നതിനാൽ മറ്രുള്ള ആശുപത്രികളിൽ നിന്നുള്ള കുഞ്ഞുങ്ങളെ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഗെെനക് , പീഡിയാട്രിക്സ് , പീഡിയാട്രിക് സർജറി, ന്യൂബോൺ എന്നിങ്ങനെ നാല് ഡിപ്പാർട്ട്മെന്റുകളുള്ള ഇവിടെ ദിവസവും ഒ.പിയിലെത്തുന്നത് 482 പേർ. നടക്കുന്നത് 20 ഓളം പ്രസവങ്ങളും.

നവജാത ശിശുക്കളുടെ പരിചരണത്തിൽ അമ്മമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കികൊണ്ടുള്ള മദർ- ന്യൂബോൺ കെയർ യൂണിറ്റ് (എം.എൻ.സി.യു) സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയത് ഇവിടെയാണ്. 2022 ൽ. ഒരു കുഞ്ഞ് ജനിച്ചാൽ കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ അമ്മയ്ക്കൊപ്പം പ്രസവാനന്തര വാർഡിലായിരിക്കും. എന്നാൽ മാസം തികഞ്ഞില്ലെങ്കിലോ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലോ കുഞ്ഞ് നവജാതശിശു വിഭാഗത്തിലും അമ്മ പ്രസവാനന്തര വാർഡിലുമായിരിക്കും. അമ്മയുടെ സാന്നിദ്ധ്യം കുഞ്ഞിന് (തിരിച്ചും) ഏറ്റവും ആവശ്യമുള്ള ഒരു ഘട്ടമാണിത്. അതിനുളള പരിഹാരമാണ് മദർ ആൻഡ് ന്യൂബോൺ കെയർ യൂണിറ്റ് വഴി തുറന്നത്. അമ്മയും കൂടെയുള്ളതിനാൽ കുഞ്ഞിന്റെ വളർച്ച എളുപ്പമാകും. ഇത്തരത്തിൽ മാസങ്ങളോളം കുഞ്ഞിനെ എം.എൻ.സി.യുവിൽ പാർപ്പിക്കേണ്ടി വരും. ഇതിനോടകം തന്നെ നൂറോളം കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് കൊണ്ടു വരാൻ സാധിച്ചിട്ടുണ്ട്.

ഗുരുതര പ്രശ്നങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ വെന്റിലേറ്റർ സഹായത്തോടെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റി(എസ്.എൻ.സി.യു)ലാണ് പ്രവേശിപ്പിക്കുന്നത്. എട്ട്‌ കിടക്കകളുണ്ടിവിടെ. മാത്രമല്ല അമ്മയ്ക്ക് ഇടയ്ക്കിടെ വന്നും പോകാനും കിടക്കാനുമുള്ള സൗകര്യങ്ങളുമുണ്ട്. നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗമാണ് നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ്(എൻ.ഐ.സി.യു). പ്രശ്നമുള്ള കുഞ്ഞുങ്ങളെ 24 മണിക്കൂറും ഇവിടെ സംരക്ഷിക്കുന്നു. ജനനം മുതൽ 28 ദിവസം വരെയുള്ള നവജാത ശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണവും ഇവിടെ ലഭ്യമാകും.

നഴ്സുമാർക്ക് ഇരട്ടിഭാരം

കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിനുള്ള പ്രധാന റഫറൽ സെന്ററായ ഇവിടെ ആധുനികചികിത്സാ സൗകര്യങ്ങല്ലാമുണ്ട്. പക്ഷേ സൗകര്യങ്ങൾ ഒരുക്കുമ്പോഴും ഓരോഇടങ്ങളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പോരായ്മയാണ്. ഏറെ ശ്രദ്ധ ആവശ്യമായ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ ഒരു കുഞ്ഞിന് ഒരു നഴ്സ് വേണമെന്നാണ് കണക്ക്. എന്നാൽ നിലവിൽ 3കുഞ്ഞുങ്ങൾക്ക് ഒരു നഴ്സാണുള്ളത്. മുഴുവൻ സമയവും ഇവർക്ക് പരിചരണം ആവശ്യമായതിനാൽ നഴ്സുമാർക്ക് ഇരട്ടി ജോലി ഭാരമാണ്. മറ്റിടങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.

ഒപിയിലെത്തുന്നവർ................482

പീഡിയാട്രിക്.............170

പീഡിയാട്രിക് സർജറി.........55

ഗെെനക്കോളജി..................257

ശരാശരി പ്രസവം ഒരു ദിവസം

നോർമൽ...........10

സിസേറിയൻ........10

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL