പട്ടിക പുറത്തിറക്കി ദക്ഷിണ റെയിൽവേ
കോഴിക്കോട്: യാത്രക്കാരുടെ എണ്ണം കൂടിയ റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ കോഴിക്കോട് മേഖലയിലെ സ്റ്റേഷനുകളും. ദക്ഷിണ റെയിൽവേ പുറത്തുവിട്ട ആറ് റെയിൽവേ ഡിവിഷനുകളിലെ 100 സ്റ്റേഷനുകളുടെ പട്ടികയിലാണ് വടകരയും കൊയിലാണ്ടിയും ഉൾപ്പെടെയുള്ളത്. യാത്രക്കാരുടെ എണ്ണവും വരുമാനവും കണക്കിലെടുത്തുള്ളതാണ് പട്ടിക. 2025-26 ലെ കണക്കിൽ കോഴിക്കോട് എട്ടാം സ്ഥാനത്താണ്. യാത്രക്കാർ 3.23 കോടി. ചെന്നെെ സെൻട്രലാണ് ഒന്നാമത്. കണ്ണൂർ പതിനാലാമതും. കണ്ണൂരിനും പിന്നിലാണ് പാലക്കാട് ജംഗ്ഷൻ. വടകരയ്ക്ക് 45-ാം സ്ഥാനമാണ്. യാത്രക്കാർ 91.79 ലക്ഷം. ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കുറ്റിപ്പുറം, കൊയിലാണ്ടി, കണ്ണൂർ, പയ്യന്നൂർ തുടങ്ങിയ സ്റ്റേഷനുകളും ലിസ്റ്റിലുണ്ട്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ ഇത്തവണ കുറഞ്ഞ് 78-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 21 കോടിയായിരുന്നത് ഇത്തവണ 11 കോടിയായി. കൊയിലാണ്ടിക്കുണ്ടായിരുന്ന പ്രത്യേക റിസർവേഷൻ ക്വാട്ട നിറുത്തലാക്കിയതിനെ തുടർന്നാണിത്.
എണ്ണം കൂടി, യാത്രാ ദുരിതവും
യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പാസഞ്ചറുകൾ ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ അനുവദിക്കണം. കോച്ചുകളുടെ എണ്ണം കൂട്ടണം. വെെകിട്ട് 4.24ന് കുർള കഴിഞ്ഞാൽ കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക് നാല് മണിക്കൂർ ട്രെയിനില്ല. കുർളയ്ക്ക് എല്ലാ സ്റ്റേഷനിലും സ്റ്റോപ്പില്ല. ദീർഘദൂര വണ്ടികളിൽ ജനറൽ കോച്ചുകൾ ചില ദിവസങ്ങളിൽ ആർ.എം.എസ്, ഡിസേബിൾഡ് പോർഷനായി നീക്കിവയ്ക്കുന്നു. പാലക്കാട് ഡിവിഷനിൽ ഒരു മെമു സർവീസാണുള്ളത് (ഷൊർണൂർ- കണ്ണൂർ). ഇതാകട്ടെ സ്റ്റേഷനുകളിൽ ഏറെ സമയം നിറുത്തിയിടുന്നത് ഒഴിവാക്കണം. സമയവും പുന:ക്രമീകരിക്കണം. ഏറ്റവും തിരക്കുള്ള ഞായറാഴ്ച ഈ ട്രെയിനില്ലാത്തതാണ് മറ്റൊരു പ്രശ്നം.
ട്രെയിനിന് നേരെയുള്ള കല്ലേറ് ഉൾപ്പെടെ അക്രമങ്ങളൊഴിവാക്കണം. സുരക്ഷയൊരുക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷൻ പരിധികളിൽ ജനകീയ സമിതിയുണ്ടാക്കി ബോധവത്കരിക്കണം. യാത്രാദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും.
എം.ഫിറോസ്, ഓർഗനെെസിംഗ് സെക്രട്ടറി, മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫയർ അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |