സുൽത്താൻ ബത്തേരി: ലഹരിക്കടത്ത് തടയുന്നതിന് വേണ്ടി രൂപീകരിച്ച ഓപ്പറേഷൻ തൂഫാൻ വയനാട് ജില്ലയിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിർത്തിവഴിയുള്ള ലഹരിക്കടത്ത് നിർബാധം തുടരുന്നു. കർണാടക, തമിഴ്നാട് അതിർത്തി വഴിയാണ് രാസലഹരി ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ലഹരി സംഘങ്ങളെ പിടികൂടുന്നതിനായി അതിർത്തി ചെക്ക് പോസ്റ്റുകളിൽ പൊലീസിന്റെ പ്രത്യേകസംഘത്തെ തന്നയാണ് ഓപ്പറേഷൻ തൂഫാൻ എന്നപേരിൽ നിയോഗിച്ചിട്ടുള്ളത്. ഇവയ്ക്ക് പുറമെ എക്സൈസിന്റെ പ്രത്യേക സംഘവും അതിർത്തികളിൽ പരിശോധന നടത്തുന്നുണ്ട്. ഇവരെയെല്ലാം വെട്ടിച്ചാണ് ലഹരി കടത്ത് സംഘം സംസ്ഥാനത്തേയ്ക്ക് രാസലഹരി കടത്തുന്നത്.
വയനാട് ജില്ലയിലെ അതിർത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, ബാവലി ,തോൽപ്പെട്ടി എന്നീ ചെക്ക് പോസ്റ്റുകൾ വഴിയാണ് കർണാടകയിൽ നിന്ന് എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരി സംസ്ഥാനത്തേയ്ക്ക് കടത്തുന്നത്. പൊലീസും എക്സൈസും പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ ലഹരിക്കടത്തിന് പുതിയ സംവിധാനങ്ങളാണ് ലഹരിക്കടത്ത് സംഘം കണ്ടെത്തിയിരിക്കുന്നത്. കാരിയർമാരായ സ്ത്രീകളെ ഉപയോഗിക്കുന്നത് സംഘത്തിന്റെ പുതിയ തന്ത്രമാണ്. കർണാടകയിൽ നിന്ന് കേരളത്തിലേയ്ക്ക് വരുന്ന സ്ത്രീകളെയും പെൺകുട്ടികളെയാണ് ഇതിനായി ലഹരി സംഘം ഉപയോഗിക്കുന്നത്.
എക്സൈസും പൊലീസും പിടികൂടിയ ലഹരി കേസുകളിൽ പ്രതികളായിട്ടുള്ളത് സ്ത്രീകളാണ്. ഇതിൽ തന്നെ ഭൂരിഭാഗവും അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമാണ് . കഴിഞ്ഞ ദിവസം മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ അരുൺകുമാറും സംഘവും ചേർന്ന് ബാവലി രണ്ടാംഗേറ്റിന് സമീപം വച്ച് മെത്താഫിറ്റമിനുമായി പിടികൂടിയതും ഒരു സ്ത്രീയേയും പുരുഷനെയുമാണ്. കർണാടകയിൽ നിന്ന് കേരള അതിർത്തി ചെക്ക് പോസ്റ്റുകൾക്ക് പുറമെ തമിഴ്നാട്ടിൽ നിന്നും താളൂർ, പാട്ടവയൽ, നമ്പ്യാർകുന്ന്, ചോലാടി തുടങ്ങിയ അതിർത്തി പ്രദേശങ്ങൾ വഴിയും വയനാട് വഴി കേരളത്തിലേയ്ക്ക് ലഹരി കടത്തുന്നുണ്ട്. ഇന്നലെ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ ബീനാച്ചി ദൊട്ടപ്പൻകുളത്തെ വീട്ടിൽ നിന്ന് നിരോധിത പുകയിലയുടെ വൻ ശേഖരമായാണ് കണ്ടെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |