SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.23 AM IST

പന്തുരുളും മുൻപേ... കാൽപ്പന്തിന്റെ കഥ പറഞ്ഞ് പുസ്തക പ്രദർശനം

football
football

കോഴിക്കോട്: കളിക്കളത്തിൽ നിയമം തെറ്റിച്ചാൽ തടവുശിക്ഷ. ജനങ്ങൾ ഭീതിയിലായപ്പോൾ കളി നിരോധിച്ച രാജാവ്. മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിലെ പുസ്തക പ്രദർശനത്തിലെത്തിയാൽ ഇതുപോലുള്ള ഫുട്ബാൾ കൗതുകങ്ങളറിയാം. എഴുത്തുകാരൻ ഹാരിസ് റഹ്മാൻ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ 69 ഓളം പുസ്തകങ്ങളുണ്ട്. മാനാഞ്ചിറ സ്റ്റേറ്റ് പബ്ലിക് ലൈബ്രറിയും കോഴിക്കോട് റിസർച്ച് സെന്ററും ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനം ഇന്ന് സമാപിക്കും. മലബാർ ക്രിസ്ത്യൻ കോളേജ് മുൻ ചരിത്രവിഭാഗം മേധാവി ഡോ.എം.സി വസിഷ്ഠിന്റെ ശേഖരത്തിലുള്ള പുസ്തകങ്ങളാണ് പ്രദർശനത്തിലുള്ളത്.

ക്രിസ്തുവിന് 2500 വർഷം മുൻപ് ചൈനയിൽ ജനിച്ച ‘പന്തും കാലും’ എന്നർത്ഥമുള്ള ‘സൂചർ’ എന്ന വിനോദത്തിൽ നിന്നാണ് ഫുട്ബാളിന്റെ തുടക്കം. കളി ജപ്പാനിലെത്തിയപ്പോൾ, പരമ്പരാഗത വേഷമണിഞ്ഞ്, റഫറിയോ വിസിലോ ഗോൾകീപ്പറോ പോലുമില്ലാതെ മാറ്റുരച്ച ‘കെനാറി’ എന്ന വേറിട്ട ശൈലിയായി അതിന്. ഇതേ കളി ബ്രിട്ടനിലെത്തിയപ്പോൾ കഥ മാറി. കയ്യാങ്കളിയും കടുത്ത മത്സരവും നിറഞ്ഞതായി അവർക്കത്. കളിക്കിടയിൽ ആക്രമണവും ഏറ്റുമുട്ടലുമുണ്ടായി. ജനങ്ങൾ ഭീതിയിലായതോടെ ബിസി 1314ൽ എഡ്വേർഡ് രണ്ടാമൻ രാജാവ് ബ്രിട്ടനിൽ ഫുട്ബാൾ നിരോധിച്ചു. നിയമം ലംഘിച്ചവർക്ക് തടവുശിക്ഷയായിരുന്നു വിധി. പിന്നീട് 1681ലായിരുന്നു രാജകീയാഗീകാരം.

ഇന്ത്യയിലാദ്യം ബംഗാളിൽ

ഇന്ത്യയിൽ ബംഗാളിലും കേരളത്തിൽ തിരുവനന്തപുരത്തുമാണ് ആദ്യമായി പന്തുകളി ആരംഭിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ ബിഷപ്പ് ബോയിൽ എന്ന ബ്രിട്ടീഷുകാരൻ കൊണ്ടുവന്ന പന്തുകളാണ് കേരളത്തിലെ ഫുട്ബോൾ വിപ്ലവത്തിന് തുടക്കമിട്ടത്. അത് പിന്നീട് കണ്ണൂരും തലശ്ശേരിയിലും ആവേശം വിതറി. കോഴിക്കോട് മാനാഞ്ചിറ മൈതാനവും, മിലിറ്ററി ബാരക്ക് ഗ്രൗണ്ടും കണ്ണൂർ കോട്ട മൈതാനവും കളിയുടെ പ്രധാന കേന്ദ്രങ്ങളായി. ഫുട്ബാൾ കളിയുടെ ചരിത്രം പറയുന്ന നിക്ക് ഹോൾട്ടിന്റെ ‘ദി മാമത്ത് ബുക്ക് ഒഫ് ദി വേൾഡ് കപ്പ്’, എം.പി സുരേന്ദ്രന്റെ ‘സെക്കൻഡ് ഹാഫ്’, ഡോ. മുഹമ്മദ് അഷ്റഫിന്റെ ‘മാന്ത്രിക ബൂട്ടുകൾ’ തുടങ്ങിയ പുസ്തകങ്ങൾ പ്രദർശനത്തിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL