കോട്ടക്കൽ:കോട്ടയ്ക്കൽ കോട്ടയിൽ ഹാട്രിക്ക് വിജയം തേടി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ പോരിനിറങ്ങുമ്പോൾ മണ്ഡലം പിടിക്കാൻ വനിതാ സ്ഥാനാർത്ഥിയെയാണ് എൽ.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മുൻ അംഗം പ്രീതി കോഞ്ചത്ത് എൽ.ഡി.എഫിനായി മത്സരിക്കുമ്പോൾ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരം കടുപ്പിക്കുന്നു.
വളാഞ്ചേരി, കോട്ടക്കൽ മുനിസിപ്പാലിറ്റികളും കുറ്റിപ്പുറം, ഇരിമ്പിളിയം, എടയൂർ, മാറാക്കര,പൊൻമള അടക്കമുള്ള പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. കഴിഞ്ഞ അഞ്ചു വർഷമായി 951 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നിലവിലെ എം.എൽ.എ.ആബിദ് ഹുസൈൻ തങ്ങൾക്കായതും യു ഡി.എഫിന്റെ ആത്മവിശ്വാസം കൂട്ടുന്നു.
എന്നാൽ ഇറാൻ -അമേരിക്ക യുദ്ധം കാരണം പ്രവാസി വോട്ടർമാർക്ക് എത്താൻ കഴിയാത്തത് യു.ഡി.എഫിന്റെ വോട്ടിൽ പ്രതിഫലിക്കുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. അതോടൊപ്പം സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
എൻ.ഡി.എ സ്ഥാനാർത്ഥി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളിയുടെ ക്യാമ്പും സജീവമാണ്.സ്ഥാനാർത്ഥിയുടെ വാഹന പ്രചാരണ പര്യടന പരിപാടി ഇന്നലെ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി അരയാക്കണ്ടി സന്തോഷ് കോട്ടക്കൽ കോട്ടപ്പടിയിൽ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ തവണ മത്സരിച്ച എൻ.ഡി.എ സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ പതിനായിരത്തിന് മുകളിൽ വോട്ട് ലഭിച്ചിരുന്നു.നരേന്ദ്ര മോദി സർക്കാറിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ്എൻ.ഡി.എയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ പൊന്നാനിയിൽ മത്സരിച്ച സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി ഇത്തവണ കോട്ടയ്ക്കലിലാണ് മത്സരിക്കുന്നത്.
ഏറ്റെടുത്ത് സി.പി.എം
മലപ്പുറം, കുറ്റിപ്പുറം മണ്ഡലങ്ങൾ വിഭജിച്ച് 2011ലാണ് കോട്ടയ്ക്കൽ മണ്ഡലം രൂപീകരിച്ചത്.
2011ൽ അബ്ദുസമദ് സമദാനി 35,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
2016 ൽ പ്രൊഫ, ആബിദ് ഹുസൈൻ തങ്ങൾ 15,062 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൻ.സി.പിയുടെ എൻ. എ.മുഹമ്മദ് കുട്ടിയെ പരാജയപ്പെടുത്തി.
2021ലെ തിരഞ്ഞെടുപ്പിലും ഇവർ തമ്മിലുണ്ടായ മത്സരത്തിൽ 16,588 വോട്ടിനായിരുന്നു തങ്ങളുടെ വിജയം.
നേരത്തെ മത്സരിച്ചിരുന്ന എൻ.സി.പിയിൽ നിന്ന് സീറ്റ്സി.പി.എം ഏറ്റെടുത്തിട്ടുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |