SignIn
Kerala Kaumudi Online
Thursday, 25 June 2026 12.58 AM IST

രണ്ടേക്കാൽ പവൻ സ്വർണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

പിടിയിലായത് 110 കേസുകളിലെ പ്രതി

കാളികാവ്: വീടിന്റെ മുൻവാതിൽ കത്തിച്ച് അകത്തുകയറി രണ്ടേകാൽ പവന്റെ സ്വർണാഭരണങ്ങളും 47,000 രൂപയും കവർന്ന കേസിൽ പ്രതി വഴിക്കടവ് പൂവത്തിപൊയിൽ വാക്കയിൽ അക്ബറിനെ(56) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കാളികാവ് അമ്പല കുന്നിലുള്ള വള്ളിപ്പാടൻ ഷാജിയുടെ വീട്ടിലായിരുന്നു കവർച്ച. ഒക്ടോബർ 23ന് രാത്രിയായിരുന്നു സംഭവം. അസുഖം കാരണം കോഴിക്കോട് മെ‌ഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ഷാജിക്കൊപ്പം കുടുംബവും അവിടെയായിരുന്നു. മോഷണത്തെ തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി വി.കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഒളിവിൽ പോയ പ്രതി അട്ടപ്പാടി മലയോര മേഖലയിൽ ഒളിവിൽ കഴിയുകയാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളോളം പ്രത്യേക അന്വേഷണസംഘം നിരീക്ഷണം നടത്തി വരികയായിരുന്നു.

തോട്ടം തൊഴിലാളിയെന്ന വ്യാജേന ഒളിവിൽ താമസിച്ചു വരികയായിരുന്നു പ്രതി. പൊലീസിനെ കണ്ട് കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി. ഇന്നലെ പ്രതിയെ കാളികാവിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

എസ് ഐ മാരായ അബ്ദുൾ ടി.റസാഖ്.,അൻവർ സാദത്ത്, എസ്.സി.പി.ഒ ക്ലിന്റ് ജേക്കബ്, പ്രത്യേക അന്വേഷണ സംഘത്തിലെ സുനിൽ മമ്പാട്, ടി.നിബിൻദാസ് ,ജിയോ ജേക്കബ്, സാബിറലി, പി.സജീഷ്, സി.കെ സജേഷ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മോഷണം ആഢംബര ജീവിതത്തിന്

മോഷണ മുതലുകൾ വിറ്റ് ഗോവയിലും മറ്റും ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതിയുടെ പതിവ്.

കഴിഞ്ഞതവണ നേപ്പാളിൽ വരെ കൂട്ടുപ്രതികളോടൊപ്പം ഉല്ലാസയാത്ര നടത്തിയിരുന്നു.

നിരവധി മോഷണ കേസുകളിൽ പ്രതിയായ അക്ബർ കഴിഞ്ഞ ജൂലൈയിലാണ് ജയിൽ മോചിതനായത്

അടുത്ത കാലത്ത് കാളികാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ മോഷണങ്ങളിലെ പ്രതിയുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും

കാളികാവ് സി.ഐ ഷാജിമോൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL