തിരൂർ: തിരൂർ താലൂക്ക് വെറ്ററിനറി പോളിക്ലിനിക് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും കെട്ടിട നിർമ്മാണം പൂർത്തിയായില്ല. നിലവിൽ തിരൂർ തെക്കുമുറിയിൽ പ്രവർത്തിക്കുന്ന വെറ്ററിനറി പോളി ക്ളിനിക്കിന്റെ പരമിതികൾ കണക്കിലെടുത്താണ് പുതിയ കെട്ടിടം നിർമ്മാണത്തിന് അനുമതി നൽകിയത്. ദിവസേന വളർത്തുമൃഗങ്ങളടക്കം നൂറുകണക്കിന് മിണ്ടാപ്രാണികളെ കുത്തിവയ്പ്പുകൾക്കും മറ്റും എത്തിക്കുന്നത് സൗകര്യക്കുറവിനാൽ വലയുന്ന പഴയ ഓടിട്ട കെട്ടിടത്തിലാണ്. ഇതിന് തൊട്ടടുത്ത് തന്നെയാണ് പാതി പൂർത്തിയായ പുതിയ കെട്ടിടം നോക്കുകുത്തിയായി നിൽക്കുന്നത്.
നഗരസഭയുടെ ആസ്തിയിൽ ഉൾപ്പെടുത്തി 2024-25 സാമ്പത്തിക വർഷത്തിലാണ് നടപടികൾ ആരംഭിച്ചത്. വാർഡ് കൗൺസിലർ വി. നന്ദൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണാനുമതി ലഭിച്ചത്. മുൻസിപ്പൽ അധികൃതർ തയ്യാറാക്കിയ പ്ലാനനുസരിച്ച് 50 ലക്ഷം രൂപ 2023 അവസാനം പാസാക്കി.
മൃഗാശുപത്രിയുടെ പ്രവർത്തനം പൂർത്തിയാക്കണമെങ്കിൽ 40 ലക്ഷം രൂപ കൂടി വേണമെന്നാണ് കോൺട്രാക്ടർ പറയുന്നതെന്ന് നാട്ടുകാരും അധികൃതരും പറയുന്നു. അവശേഷിക്കുന്ന പ്രവൃത്തികളിൽ ഇലക്ട്രിക്കൽ വർക്ക്, ജനൽ, വാതിൽ പാളികൾ വയ്ക്കൽ, നിലത്തിന്റെ പ്രവൃത്തികൾ, കോമ്പൗണ്ട് വാൾ, ഗേറ്റ് വയ്ക്കൽ, കട്ട വിരിക്കൽ തുടങ്ങിയവയുണ്ട്. പ്രവൃത്തി പെട്ടെന്ന് തീർക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. നിലവിൽ കോമ്പൗണ്ടിലെ കുറ്റിക്കാടുകളും മറ്റും വെട്ടി വൃത്തിയാക്കിയിട്ടുണ്ടെങ്കിലും കെട്ടിടം നിർമ്മിക്കാൻ വെട്ടിയ മരങ്ങൾ ഇപ്പോഴും അവിടെ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്.
തെരുവുനായകളുടെ വിഹാരകേന്ദ്രം
തിരൂർ താലൂക്ക് വെറ്ററിനറി പോളി ക്ലിനിക്കിന്റെ പ്രവൃത്തി ഉടൻ പൂർത്തിയാക്കണം. പണി പൂർത്തിയാക്കാൻ ആവശ്യമായ തുക ഉടൻ അനുവദിക്കണം. പണി പൂർത്തിയാക്കാതെ കിടക്കുന്നതിനാൽ ഇവിടം തെരുവുനായകളുടെ താവളമാണ്. പരിസരവാസികൾക്കക്കം ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വി. നന്ദൻ, മുൻ നഗരസഭ കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |