മലപ്പുറം: വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്നായ ലിവർ പ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്ന് ലേക്ക് ഷോർ ഹോസ്പിറ്റൽ ലിവർ പ്ലാന്റേഷൻ സീനിയർ കൺസൽട്ടന്റ് ഡോ. ഫദ്ൽ എച്ച്.വീരാൻകുട്ടി പറഞ്ഞു. കേരളകൗമുദിയുടെ നേതൃത്വത്തിൽ മലപ്പുറം സൂര്യ റീജ്യൻസിയിൽ സംഘടിപ്പിച്ച 'മെഡിബീറ്റ്' ഹെൽത്ത് കോൺക്ലേവിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
വിജയകരമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഒരു വ്യക്തിക്ക് പുതിയ ജന്മമാണ് സമ്മാനിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യത്തെ ഏതാനും മാസങ്ങൾ കൃത്യമായ പരിചരണവും വിശ്രമവും ആവശ്യമാണെങ്കിലും കാലക്രമേണ ഭൂരിഭാഗം ആളുകൾക്കും പൂർണ്ണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവും.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ജീവിതത്തിൽ ശരീരം പുതിയ കരളിനെ നിരസിക്കാതിരിക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യസമയത്ത് കഴിക്കണം. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഡയറ്റും ശീലമാക്കണം. എല്ലാ ആറ് മാസവും കൃത്യമായ മെഡിക്കൽ നിരീക്ഷണവും ഫോളോഅപ്പ് പരിശോധനകളും നടത്തുന്നത് ആരോഗ്യം പൂർണ്ണമായി നിലനിറുത്താൻ സഹായിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള മാനസിക പിന്തുണയും ആവശ്യമുണ്ട്.
കൃത്യസമയത്ത് ചികിത്സ തേടുന്നതിലൂടെയും അവയവദാനത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിലൂടെയും നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിക്കും. പ്രായപരിധിയില്ലാത്ത ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യമായി നടന്നത് 2000ത്തിലാണ്. തുടർന്ന് വൈകാതെ കേരളത്തിലും ഇത് വിജയകരമായി നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |