മലപ്പുറം: ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ ആഴക്കടലിലേക്ക് ചാകരയും തേടി ഇറങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ. മത്സ്യലഭ്യതയും മികച്ച വരുമാനവും പ്രതീക്ഷിച്ചാണ് ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും പുതിയ സീസണിനെ വരവേൽക്കുന്നത്.
രണ്ട് മാസത്തെ നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിനിറങ്ങുന്ന തൊഴിലാളികൾക്ക് ആശ്വാസത്തിനൊപ്പം ആശങ്കകളുമുണ്ട്. ഡീസൽ വിലയിലെ വർദ്ധനവാണ് പ്രധാന പ്രതിസന്ധി. ഡീസൽ വില ലിറ്ററിന് 103 രൂപയായിട്ടുണ്ട്. ഒരു ദിവസത്തെ യാത്രയ്ക്ക് മാത്രം 300 മുതൽ 500 ലിറ്റർ വരെ ഡീസൽ വേണം. ഐസ്, ഭക്ഷ്യവസ്തുക്കൾ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയ്ക്കുള്ള ചെലവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ കുറഞ്ഞത് മത്സ്യലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മഴ കുറഞ്ഞതിനാൽ മത്സ്യങ്ങൾ അടിത്തട്ടിലേക്ക് മാറും. കിളിമീൻ, കൂന്തൾ, ചെമ്മീൻ, ചൂര, മത്തി, അയല, മാന്തൾ എന്നിവയാണ് പ്രധാനമായും ട്രോളിംഗ് നിരോധനം അവസാനിച്ച ശേഷം കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് സാധാരണയായി ലഭിക്കാറുള്ളത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ട്രോളിംഗ് നിരോധന കാലയളവിൽ കടലിൽ പോയിരുന്നെങ്കിലും മത്സ്യലഭ്യത കുറവായത് മത്സ്യവില വർദ്ധിക്കാനും ഇടയാക്കിയിരുന്നു. ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ ആവശ്യാനുസരണം മത്സ്യം ലഭിച്ചാൽ വില കുറയുമെന്ന പ്രതീക്ഷയാണ് പൊതുവേയുള്ളത്.
ചെലവേറെ
അറ്റകുറ്റപ്പണി നടത്തി ട്രോളിംഗ് നിരോധനത്തിന് ശേഷം ബോട്ടുകൾ കടലിലിറക്കാൻ വലിയ തുക ആവശ്യമാണ്. കടം വാങ്ങിയാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. വലിയ തോതിൽ മത്സ്യലഭ്യതയുണ്ടായാലേ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാവൂ
സിറാജ് മുഹമ്മദ്, ബോട്ടുടമ, പൊന്നാനി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |