
പത്തനംതിട്ട : കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സൗജന്യ സർവീസ് സ്വകാര്യ ബസുകളുടെ വരുമാനത്തെ കാര്യമായി ബാധിച്ചു. വനിതകൾ സൗജന്യയാത്രയ്ക്കായി ഓർഡിനറിയിൽ സീറ്റ് ഉറപ്പിച്ചപ്പോൾ രണ്ടുദിവസം കൊണ്ട് മുപ്പത് ശതമാനത്തിലേറെ വരുമാനനഷ്ടമുണ്ടായതായി സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. ചില റൂട്ടുകളിൽ വലിയ നഷ്ടവും മറ്റിടങ്ങളിൽ നേരിയ വരുമാനക്കുറവിലുമാണ് സർവീസ് നടക്കുന്നത്. ഓർഡിനറി ബസ് കുറവായ റൂട്ടുകളിൽ വലിയ പ്രശ്നങ്ങളില്ലാതെ സ്വകാര്യസർവീസ് നടക്കുന്നുണ്ട്. മറ്റു ചില റൂട്ടുകളിൽ സ്വകാര്യബസ് ജീവനക്കാർക്ക് കൂലി നൽകാൻ പോലും പറ്റാത്ത സ്ഥിതിയാണ്.
ഓർഡിനറി സർവീസുള്ള റൂട്ടുകളിൽ കൂടുതൽ പേരും സൗജന്യയാത്രയ്ക്കാണ് മുൻതൂക്കം നൽകുന്നത്. സ്വകാര്യബസിന്റെ അതേസമയക്രമം പാലിക്കുന്ന ബസുകളുമായി മത്സരയോട്ടത്തിനും തർക്കത്തിനും കാരണമാകുന്നുണ്ട്.
ഇന്ധനവില വർദ്ധനവും ജീവനക്കാരുടെ കൂലിയുമെല്ലാം കഴിഞ്ഞ് മിച്ചമൊന്നും ലഭിക്കാത്ത സ്വകാര്യ ബസ് വ്യവസായം കിതച്ചുനീങ്ങുമ്പോളാണ് പുതിയ പ്രതിസന്ധിയായി പ്രിയദർശിനി എത്തിയത്.
നഷ്ടത്തിലോട്ടം
ജില്ലയിലെ ബസുകളുടെ ശരാശരി ദിവസ വരുമാനം 10,000 രൂപ മുതൽ 18,000 രൂപ വരെയാണ്. ഒരു ബസിന് അറുപത് ലിറ്റർ ഡീസലാണ് ഒരു ദിവസം വേണ്ടത്. ഇതിന് 6240 രൂപയാകും. ബാക്കി ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്ക് ദിവസേന കൂലി നൽകണം. ആയിരം മുതൽ 1500 രൂപ വരെയാകും ഇത്. ബാക്കി നികുതിയും ഇൻഷുറൻസും മറ്റ് ചെലവുകളും. വാഹനങ്ങളുടെ പണിയും കഴിഞ്ഞ് ചെറിയ ഒരു വരുമാനമാണ് ഉടമയ്ക്ക് ലഭിക്കുന്നത്.
ബസ് ഉടമകളുടെ ആവശ്യങ്ങൾ
1. സംസ്ഥാനത്തെ സ്വകാര്യ ബസുകൾ കിലോമീറ്റർ അടിസ്ഥാനത്തിൽ
വാടക നിശ്ചയിച്ച് സർക്കാർ ഏറ്റെടുക്കുക.
2. ജീവനക്കാരുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുകയും അവർക്കുള്ള വേതനം ഉടമ നൽകുകയും ചെയ്യുക.
3. ഇന്ധനവും നികുതികളും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഉടമ തന്നെ വഹിക്കുക.
4. വാഹനത്തിന്റെ പെർമിറ്റ് കൈമാറ്റ സ്വാതന്ത്ര്യത്തോടെ നിലനിറുത്തുക.
5. കുറഞ്ഞ വരുമാനമുള്ള സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും മാത്രമായി സൗജന്യയാത്ര നിജപ്പെടുത്തുക.
6. എല്ലാ സ്വകാര്യ ബസുകളിലും സൗജന്യയാത്ര അനുവദിക്കുക.
സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണം. സ്വകാര്യ ബസ് ഉടമകളെ കടക്കെണിയിലാക്കരുത്.
ലാലു മാത്യു
പത്തനംതിട്ട ബസ് ഓപ്പറേറ്റേഴ്സ്
അസോസിയേഷൻ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |