
പന്തളം : പന്തളം - മാവേലിക്കര റോഡിലെ മുട്ടാർ ഭാഗത്തെ അശാസ്ത്രീയ നിർമ്മാണങ്ങളും അപാകതകളും മനസിലാക്കാൻ പൊതുമരാമത്ത് ജില്ലാ വിജിലൻസ് മേധാവിയും കെ.എസ്.ടി.പി ഉന്നത ഉദ്യോഗസ്ഥരും പരിശോധന നടത്തി. പന്തളം മുതൽ ഐരാണിക്കുഴി വരെയുള്ള ഭാഗത്തെ നിർമ്മാണം അശാസ്ത്രീയമാണെന്നും അപാകതകൾ നിറഞ്ഞതാണെന്നും നേരത്തെ പരാതി ഉയർന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വിജിലൻസിനും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മുട്ടാർ പാലത്തിന് കിഴക്കുവശമായി ഓടക്ക് സ്ലാബ് ഇല്ലാത്തതും കുഴികൾ അടയ്ക്കാത്തതും അപകടങ്ങൾക്ക് കാരണമായിരുന്നു. മുട്ടാർ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് ഓടയുടെ മുകളിൽ കോൺക്രീറ്റ് ചെയ്തതിനാൽ മാലിന്യങ്ങൾ നീക്കുന്നതിന് സ്ലാബ് ഉയർത്താനാകുന്നില്ല. തേവാലപ്പടി ഭാഗത്ത് ഓടയുടെ വശത്ത് മധ്യഭാഗത്തായി ദ്വാരം ഇട്ടിരിക്കുന്നതിനാൽ ഓടയിലെ വെള്ളം നഗരസഭ റോഡിലേക്ക് ഒഴുകുന്നത് വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. മുട്ടാർ മുതൽ തേവാലപ്പടി വരെയുള്ള ഭാഗങ്ങളിൽ നാലിടത്തായി ജലസേചന വകുപ്പിന്റെ പൈപ്പുകൾ പൊട്ടി റോഡിൽ കുഴികൾ ഉണ്ടായിട്ടുള്ളത് അപകട ഭീഷണിയാണ് . ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനും മുട്ടാർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായ ഇ.എസ്.നുജുമുദ്ധീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |