തിരുവല്ല : പബ്ളിക്ക് സ്റ്റേഡിയത്തിനൊപ്പം തിരുവല്ലയിലെ ബാസ്‌ക്കറ്റ്ബാൾ കോർട്ടിലും അവഗണനയുടെ വിസിൽമുഴക്കം. മഴ പെയ്താൽ കോർട്ട് വെള്ളത്തിൽ മുങ്ങും. കോർട്ടിനെ വിഴുങ്ങാനായി ചുറ്റും കാടും വളരുകയാണ്. തിരക്കേറിയ ടി.കെ റോഡരുകിലാണ് അസൗകര്യങ്ങളുമായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബാസ്‌ക്കറ്റ്ബാൾ സ്റ്റേഡിയം. തിരുവല്ല നഗരഹൃദയത്തിൽ പബ്ലിക് സ്റ്റേഡിയത്തിന് സമീപത്തെ ബാസ്ക്കറ്റ്ബാൾ കോർട്ടിൽ വർഷങ്ങളായി വികസനമൊന്നും നടക്കുന്നില്ല. റോഡിൽ നിന്നുള്ള വെള്ളവും മാലിന്യങ്ങളുമെല്ലാം സ്റ്റേഡിയത്തിനുള്ളിലേക്കാണ് ഒഴുകിയെത്തുന്നത്. വെള്ളംകെട്ടി കിടക്കുന്നതിനാൽ കോർട്ടിന്റെ പലഭാഗങ്ങളിലും പായൽപിടിച്ചു. വഴുതിക്കിടക്കുന്ന കോർട്ടിൽ വീണ് കായികതാരങ്ങൾക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രണ്ടു ബാസ്ക്കറ്റ്ബാൾ കോർട്ടുകളാണ് ഇവിടെയുള്ളത്. അവധിക്കാലങ്ങളിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകളാണ് പരിശീലനത്തിനായി ഇവിടെ എത്തുന്നത്. കാടുവളർന്നു നിൽക്കുന്നതിനാൽ പ്രഭാത വ്യായാമത്തിന് ഇവിടെയെത്തുന്നവരും ദുരിതം അനുഭവിക്കുകയാണ്.
പേടിപ്പിക്കാൻ ഇഴജന്തുകളും
സമീപത്തെല്ലാം കാടുമൂടിയതിനാൽ ഇഴജന്തുക്കളുടെ ശല്യം പതിവാണ്. അടുത്തിടെ ഇവിടെനിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു. കായിക പരിശീലനത്തിന് എത്തുന്ന കുട്ടികൾ ഭീതിയോടെയാണ് കോർട്ടിൽ ഇറങ്ങുന്നത്. കാടെല്ലാം വെട്ടിത്തെളിക്കുകയും മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കുകയും ചെയ്താലേ കോർട്ട് ഉപയോഗിക്കാൻ സാധിക്കൂ.
ബാസ്ക്കറ്റ്ബാൾ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ പലതവണ അധികൃതരെ അറിയിച്ചതാണ്. പുതിയ കായികതാരങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാൻ അടിയന്തര നടപടി വേണം.
ബേബിക്കുട്ടി (കെ.ഒ.ഉമ്മൻ)
(ബാസ്‌ക്കറ്റ്ബാൾ ദേശീയ റഫറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |