ആറന്മുള : ഇലന്തൂർ സ്വദേശിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പതിവ് കുറ്റവാളികളായ രണ്ടു യുവാക്കളെ വാഹന പരിശോധനയ്ക്കിടെ പൊലീസ് അറസ്റ്റുചെയ്തു. ഇലന്തൂർ വലിയവട്ടം അനീഷ് ഭവനത്തിൽ അനീഷ് അശോക് (37), പ്രക്കാനം ചെന്നീർക്കര വലിയവട്ടം കുന്നുംപുറത്ത് വീട്ടിൽ മായാസൻ (37) എന്നിവരെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5നാണ് കേസിനാസ്പദമായ സംഭവം. പ്രതികളിൽ ഒരാൾക്കെതിരെ യുവാവ് മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ, കഴിഞ്ഞ ദിവസം ആറന്മുള പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇലന്തൂർ ജംഗ്ഷന് സമീപത്ത് നിന്നുമാണ് ഇവർ പിടിയിലായത്. പൊലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് അനീഷിന്റെ കാലിന് പരിക്കേൽക്കുകയും ചെയ്തു. കേസിൽ മറ്റൊരു പ്രതി കൂടിയുണ്ട്. ആറന്മുള സ്‌റ്റേഷൻ ഹൗസ് ഓഫീസറായ സജു.വി, എസ്.ഐ.ആഷിൽ രവി, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, വിഷ്ണു.കെ.എസ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഒന്നാംപ്രതി അനീഷ് ആറന്മുള പൊലീസ് സ്റ്റേഷനിലെ നാല് ക്രിമിനൽ കേസുകളിലും രണ്ടാംപ്രതി മായാസൻ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ അഞ്ചും പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ നാലും ചിറ്റാർ ആറന്മുള പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസിലും ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് ആറന്മുള എസ്.എച്ച്.ഒ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |