SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.17 AM IST

മീൻമുട്ടിപ്പാറയിൽ കളകളാരവം

1
മല്ലപ്പള്ളി പഞ്ചായത്തിലെ പാറത്തോട്ടിലെ മീൻമുട്ടിപ്പാറ വെള്ളച്ചാട്ടം.

മല്ലപ്പള്ളി : പ്രൗഢിക്കൊത്ത അംഗീകാരമില്ലെങ്കിലും മീൻ മുട്ടിപ്പാറ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് പ്രിയമാണ്. മല്ലപ്പള്ളി പഞ്ചായത്തിലെ 7,9 വാർഡുകളിൽക്കൂടി കടന്നുപോകുന്ന പാറത്തോട്ടിലെ മീൻമുട്ടിപ്പാറ മഴക്കാലത്ത് മനോഹരിയാണ്. കാലവർഷം കനിഞ്ഞനാളിൽ വെള്ളച്ചാട്ടം ഉഗ്രരൂപിണിയായപ്പോൾ സഞ്ചാരികളും എത്തിത്തുടങ്ങി. 50 അടിയോളം ഉയരത്തിൽ പാറക്കെട്ടുകളിലൂടെ പളുങ്കുമണികൾ വാരിവിതറുന്ന ജലപഥം സഞ്ചാരികളുടെ മനസിലേക്കാണ് ഒഴുകിയിറങ്ങുന്നത്. പാറകൾ നിറഞ്ഞ വെള്ളച്ചാട്ടത്തിന് മൂന്ന് തട്ടുകളുണ്ട്. ഏറ്റവും താഴത്തെ തട്ടിനാണ് ഉയരക്കൂടുതൽ. ഒഴുക്കിനൊത്ത് കുട്ടികൾ മീനുകളെ പോലെ തെന്നിയിറങ്ങുന്നത് ആനന്ദകരമായ കാഴ്ചയാണ്. വെള്ളച്ചാട്ടത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെ കേൾക്കാൻ കഴിയുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. മണിമലയാറിന്റെ കൈ വരികളിൽ ഉൾപ്പെടുന്ന തോടാണിത്.

കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ കീഴ്വായ്പൂര് സ്റ്റോർ മുക്കിൽ നിന്ന് 3.5 കിലോമീറ്റർ ദൂരവും പടുതോട് - എഴുമറ്റൂർ റോഡിൽ നാരകത്താനിക്ക് സമീപം ആര്യൻകുളത്ത് നിന്ന് ഒരു കിലോമീറ്ററും പിന്നിട്ടാൽ ഇവിടെ എത്താം.

സഞ്ചാരി​കളെത്തും

ദിശാസൂചന ബോർഡുകളും സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയാൽ വെള്ളച്ചാട്ടത്തിന് താഴെ കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്താനാകും. സാഹസി​ക മലകയറ്റത്തി​നും ഫോട്ടോഷൂട്ടുകൾക്കും ഇവിടെ സൗകര്യമുണ്ട്.

പദ്ധതികൾ വിഭാവനം ചെയ്താൽ മല്ലപ്പള്ളി പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി വെള്ളച്ചാട്ടത്തെ മാറ്റുവാൻ സാധിക്കും.

പ്രദേശത്തെ 54 കുടുംബങ്ങൾ വെള്ളച്ചാട്ടത്തെ ആശ്രയി​ക്കുന്നു. വിശ്രമത്തിന് സൗകര്യം ഇല്ലാത്തതും അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

ജോസ്, പ്രദേശവാസി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL