
ഇലന്തൂർ : പാലച്ചുവട് ജംഗ്ഷന് സമീപം വീണ്ടും അപകടം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പത്തനംതിട്ടയിൽ നിന്ന് തിരുവല്ലയ്ക്ക് പോയ മിനിലോറി റോഡിൽ തെന്നി കടകംമറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മാവേലിക്കര ശാസ്താംനട സ്വദേശി ശ്രീശാന്തിന് (20) നിസാര പരിക്കേറ്റു. വാഹനം നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറിന്റെ പോസ്റ്റിൽ ഇടിച്ചു നിന്നതിനാൽ ദുരന്തം ഒഴിവായി. ട്രാൻസ്ഫോമറിൽ നിന്ന് സ്ഫോടന ശബ്ദമുണ്ടായി വൈദ്യുതി തകരാറിലായി. പത്തനംതിട്ടയിൽ നിന്ന് ഫയർഫോഴ്സ് എത്തുമ്പോൾ വാഹനം സ്റ്റാർട്ട് ചെയ്ത നിലയിലായിരുന്നു. മിനി ലോറിയുടെ ബാറ്ററി വയർ കട്ടുചെയ്തു മാറ്റി അപകടാവസ്ഥ ഒഴിവാക്കി. ട്രാൻസ്ഫോർമറും വൈദ്യുതി പോസ്റ്റും ഉണ്ടായിരുന്നതിനാലാണ് ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിയാതിരുന്നത്.
സ്ഥിരം അപകട പോയിന്റ്
കഴിഞ്ഞ മെയ് ഏഴിന് മിനിട്ടുകളുടെ വ്യത്യാസത്തിൽ രണ്ട് അപകടങ്ങളുണ്ടായി. ആദ്യത്തെ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്താനെത്തിയ പാലച്ചുവട് പുളിനിൽക്കുന്നതിൽ മാത്യു ടി.ശാമുവേൽ (റെജി - 58) മരണപ്പെട്ടിരുന്നു. കോന്നി ബിലീവേഴ്‌സ് ആശുപത്രിയിൽ നിന്ന് ചെങ്ങന്നൂർ കെ.എം.ചെറിയാൻ മെമ്മോറിയൽ ആശുപത്രിയിലേക്ക് മുറിഞ്ഞകൽ പാലവിളയിൽ സജിൻ രാജുവുമായി (42) പോയ കോന്നി ഇ.എം.എസ് ചാരിറ്റമ്പിൾ ട്രസ്റ്റിന്റെ ആംബുലൻസാണ് മാത്യു ടി.ശാമുവേലിനെ ഇടിച്ചുതെറിപ്പിച്ചത്. ആംബുലൻസ് വഴിയോരത്തെ താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്കാണ് മറിഞ്ഞത്.
ഈ അപകടത്തിന് കുറച്ചുമുൻപാണ് കുഴിക്കാല സ്വദേശി ജെബിൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. മഴയത്ത് റോഡിൽ നിന്ന് തെന്നിമാറി കാർ തലകീഴായി മറിയുകയായിരുന്നു. അപകട വിവരമറിഞ്ഞ് എത്തിയതാണ് അയൽവാസിയായ മാത്യുവും നാട്ടുകാരും.
റോഡിന് മിനുസം, പരിശോധിക്കണമെന്ന് നാട്ടുകാർ
പാലച്ചുവട് ജംഗ്ഷന് സമീപം അപകടം പതിവാണ്. റോഡിന്റെ അശാസ്ത്രീയമായ ടാറിംഗാണ് വാഹനങ്ങൾ തെന്നി മറിയുന്നതിന് കാരണമായി നാട്ടുകാർ പറയുന്നത്. പരാതിപ്പെട്ടിട്ടും റോഡ് പരിശോധിക്കാൻ പൊതുമരാമത്ത് അധികൃതർ തയ്യാറായിട്ടില്ല. മിനുസപ്പെട്ട് കിടക്കുന്ന റോഡിൽ വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോഴാണ് കൂടുതൽ അപകടങ്ങളുമുണ്ടാകുന്നത്.
റോഡിലെ വളവും മിനുസമുള്ള പ്രതലവുമാണ് അപകടം വിളിച്ചുവരുത്തുന്നത്. വളവ് നിവർക്കാൻ സ്ഥലമുണ്ട്. ഇക്കാര്യം പഞ്ചായത്ത് മുഖേന പൊതുമരാമത്തിനെ അറിയിക്കും.
മേഴ്സൺ ജോൺസൺ,
ഇലന്തൂർ ഗ്രാമ പഞ്ചായത്തംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |