
കടയ്ക്കാവൂർ: വക്കത്ത് ഫ്ലൈഓവറിന്റെ ആവശ്യകതയേറുന്നു. തീരദേശ പഞ്ചായത്തുകളായ വക്കം,കടയ്ക്കാവൂർ,വെട്ടൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെക്കാലമായുള്ള ദുരിതമാണ് വക്കം തോപ്പിക്കവിളാകം റെയിൽവേ ഗേറ്റ്. മിക്കപ്പോഴും ഗേറ്റടച്ചിടുന്നതിനാൽ ജനങ്ങൾ മണിക്കൂറുകളോളം കാത്തുക്കിടക്കേണ്ട അവസ്ഥയാണ്.
റെയിൽവേ ഗേറ്റ് പണിമുടക്കുമ്പോഴും ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുമ്പോഴും ദുരിതം ഇരട്ടിയാകും.
വക്കത്ത് പ്രധാനമായും രണ്ട് റെയിൽവേ ഗേറ്റുകളാണുള്ളത്. ചിലസമയങ്ങളിൽ ഏതെങ്കിലും ഒരുഗേറ്റ് പണിമുടക്കിയാൽ കുരുക്ക് രൂക്ഷമാകും.
ഫ്ലൈഓവർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുതെങ്ങ് സംരക്ഷണസമിതി ജോയിന്റ് കൺവീനർ ജിയോഫെർണാഡസ് അടൂർപ്രകാശ് എം.പിക്ക് നിവേദനം നൽകി. അടിയന്തരവിഷയമായി പരിഗണിച്ച് എം.പി റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
ആശ്രയിക്കുന്നത്
ശ്രീശങ്കര മെഡിക്കൽ കോളേജ്,വക്കം റൂറൽ ഹെൽത്ത് സെന്റർ,വക്കം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും ബാങ്കുകൾ,മാർക്കറ്റ്,വക്കം ഖാദറിന്റെ സ്മാരകമടക്കമുള്ള സ്ഥലങ്ങളിലേക്ക് നിരവധി ആളുകളാണ് ഇതുവഴി കടന്നുപോകുന്നത്.
ഉൾനാടൻ ടൂറിസം വികസിച്ചുവരുന്ന ഈ കാലഘട്ടത്തിൽ പണയിൽ കടവും പൊന്നുംതുരുത്തും കാണാനെത്തുന്നവരുടെ തിരക്കേറെയാണ്.റെയിൽവേഗേറ്റിലെ ഗതാഗതക്കുരുക്ക് ടൂറിസത്തെയും സാരമായി ബാധിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |