
അമ്പലപ്പുഴ: ട്രോളിംഗ് നിരോധനം തുടരുന്നതിനിടയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷ നൽകി തീരത്ത് കൊഴുവ ചാകര. തോട്ടപ്പള്ളി ഹാർബറിൽ നിന്നടക്കം ഇന്നലെ മത്സ്യ ബന്ധനത്തിന് പോയ ബീഞ്ച്, നീട്ടുവല വള്ളങ്ങൾക്കാണ് സുലഭമായി കൊഴുവ ലഭിച്ചത്. 50 കുട്ട വരെ കൊഴുവ ലഭിച്ച വള്ളങ്ങളുണ്ട്. ആദ്യം കിലോക്ക് 60 രൂപയ്ക്കും പിന്നീട് 40രൂപയ്ക്കുമാണ് ലേലം നടന്നത്. നീട്ടുവലക്കാർക്ക് നെയ് മത്തിയും ലഭിച്ചു. കിലോയ്ക്ക് 240രൂപയായിരുന്നു മൊത്തവില. ചെറുകിട വിപണിയിൽ 350 രൂപയോളം വിലവരും. ട്രോളിംഗ് നിരോധന കാലയളവിലാണ് പരമ്പരാഗത വള്ളക്കാർ നല്ല കോള് പ്രതീക്ഷിക്കുന്നത്.
ചാകരപ്രതീക്ഷയിൽ ജില്ലയുടെ നാനാഭാഗത്തു നിന്നും നൂറു കണക്കിനു വള്ളങ്ങളാണ് തോട്ടപ്പള്ളി തുറമുഖത്ത് നങ്കുരമിട്ടിരിക്കുന്നത്. ഹാർബറിന്റെ ആഴക്കുറവും വിസ്തൃതിയില്ലായ്മയും വള്ളങ്ങൾ കൂട്ടിയിടിക്കുന്നതിന് ഇടയാക്കുന്നുണ്ട്. ഏറെ ദുരിതം സഹിച്ചാണ് വള്ളത്തിൽ നിന്നും മീൻ കുട്ടയിൽ കരക്കെത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |