
പാലോട്: തെരുവ്നായ് ശല്യവും മാലിന്യപ്രശ്നങ്ങളും ഗ്രാമീണ മേഖലകളിൽ ഭീഷണിയായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതർ. പഞ്ചായത്തുകൾ അരലക്ഷം രൂപയോളം ചിലവഴിച്ച് സ്ഥാപിച്ച മിനി എം.സി.എഫ് യൂണിറ്റുകൾ നിറഞ്ഞു കവിഞ്ഞ നിലയിലാണ്. നിലവിൽ എല്ലാ എം.സി.എഫ് യൂണിറ്റുകളുടെയും പരിസരങ്ങൾ മാലിന്യക്കൂമ്പാരമാണ്. മഴക്കാലത്ത് പരിശോധനകൾ കുറവായി, ഇത് അറവ് - ഹോട്ടൽ മാലിന്യം തളളുന്നത് വീണ്ടും വർദ്ധിപ്പിച്ചു. മൂക്കുപൊത്തി വേണം ഈ വഴി നടക്കാൻ. ജനവാസ മേഖലകളെല്ലാം തന്നെ ചീഞ്ഞുനാറുകയാണ്. മാത്രമല്ല സ്ട്രീറ്റ് ലൈറ്റ് കത്താത്തതും തിരിച്ചടിയായി. മാലിന്യം തള്ളുന്നവരെ പിടികൂടി പിഴ ചുമത്തി വിടുകയാണ് പതിവ്. ഇത് വീണ്ടും കുറ്റകൃത്യം ചെയ്യാൻ പ്രേരണയാകുന്നു. യാതൊരു പരിശോധനയും കൂടാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ വാഹനങ്ങളിൽ മാലിന്യം ചാക്കിലാക്കി കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇവിടെ മാലിന്യം തള്ളുന്നത്.
തെരുവ് കയ്യടക്കി നായ്ക്കൂട്ടം
നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ പ്രധാന ജംഗ്ഷനുകൾ കയ്യടക്കി തെരുവുനായ്ക്കൾ. പെരിങ്ങമ്മല ജംഗ്ഷൻ, ആശുപത്രി കോമ്പൗണ്ട്, കുശവൂർ, തെന്നൂർ, കോളേജ് ജംഗ്ഷൻ, പാലോട് ആശുപത്രി ജംഗ്ഷൻ, നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ, പച്ച ശാസ്താക്ഷേത്ര പരിസരം, ഓട്ടുപാലം, പച്ച, കാലൻകാവ്, പൊട്ടൻചിറ, വട്ടപ്പൻകാട്, ആലുംമ്മൂട് എന്നിവിടങ്ങളിലാണ് ഇരുചക്രവാഹനക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി തെരുവുനായ് ശല്യമുള്ളത്. ഒഴിഞ്ഞ പറമ്പുകൾ, പണിപൂർത്തിയാകാത്ത കെട്ടിടങ്ങൾ, ഇടവഴികൾ തുടങ്ങിയ ഇടങ്ങളാണ് പ്രധാന താവളം.
മാലിന്യം കുമിഞ്ഞ്
ഫാമുകളിലെ വേസ്റ്റുകൾ പൊതുനിരത്തിൽ തള്ളുന്നതിനാൽ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ്. പൊതുജനങ്ങളെ ഉപദ്രവിക്കുന്നതോടൊപ്പം വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കും. നഗരത്തിൽ നിന്നു പിടികൂടിയ നായ്ക്കളെ ഗ്രാമീണ ജനവാസ മേഖലയിൽ കൊണ്ടുതള്ളുന്നതായും ആക്ഷേപമുണ്ട്. മാലിന്യം കാരണം പൊതുനിരത്തിൽ കൂടി മൂക്കുപൊത്തി വേണം സഞ്ചരിക്കാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |