SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.03 PM IST

സംരക്ഷിക്കണം പൂവച്ചൽ 'ഖാദർ പാർക്ക്'

കാട്ടാക്കട: ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദറിന്റെ സ്മരണക്കായി നിർമ്മിച്ച പാർക്ക് സംരക്ഷിക്കണമെന്നാവശ്യം ശക്തം. മലയാളികളുടെ ഹൃദയത്തിലേക്ക് "മൗനമേ നിറയും മൗനമേ...", "ചിത്തിരത്തോണിയിൽ അക്കര പോകാം..." തുടങ്ങിയ അനശ്വര ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന്റെ പേരിലുള്ള പാർക്ക് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ പൂവച്ചലിന്റെ ഓർമ്മ ദിനമായിരുന്നു. പൂവച്ചൽ എന്ന ഗ്രാമത്തിന്റെ പേര് കേരളത്തിനകത്തും പുറത്തും പരിചിതമാക്കിയത് അദ്ദേഹത്തിന്റെ ഗാനങ്ങളാണ്. പക്ഷേ ആ ഗാനസ്രഷ്ടാവിന്റെ ഓർമ്മകൾ സംരക്ഷിക്കാൻ ആരും തന്നെ തുനിയുന്നില്ല.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കാട്ടാക്കട–കോട്ടൂർ റോഡരികിലെ പൂവച്ചൽ പഞ്ചായത്തിലെ മിനിനഗർ നക്രാംചിറയും പരിസരവും സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ മിനി ഡെസ്റ്റിനേഷൻ പോയിന്റായി വികസിപ്പിക്കാൻ പദ്ധതി ആരംഭിച്ചിരുന്നു. പൂവച്ചൽ ഖാദറിന്റെ സ്മരണയ്ക്കായി ഒരുക്കുന്ന പാർക്കെന്ന നിലയിലായിരുന്നു നാട്ടുകാർ ഈ പദ്ധതിയെ കണ്ടത്.

ഏകദേശം ഒന്നരക്കോടി രൂപ ചെലവിൽ രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനിരുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് സാംസ്കാരിക വകുപ്പ് 50 ലക്ഷം രൂപയും പഞ്ചായത്ത് 20 ലക്ഷം രൂപയും ശുചിത്വമിഷൻ 13 ലക്ഷം രൂപയും അനുവദിച്ചു. കവിയുടെ ഓർമ്മകൾ തലമുറകളിലേക്ക് പകരുന്ന സാംസ്കാരിക ഇടമായി ഈ പാർക്ക് മാറുമെന്നായിരുന്നു പ്രതീക്ഷ. ഇന്റർലോക്ക് നിർമ്മാണം ആരംഭിച്ചെങ്കിലും അവിടെ സ്ഥാപിച്ചിരുന്ന ഇന്റർലോക്ക് കല്ലുകൾ മോഷണം പോയി. അന്ന് കരാറുകാരനും പഞ്ചായത്തും പരാതി നൽകിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ആക്ഷേപം. പദ്ധതിയുടെ ശേഷിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, PARK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL