
വർക്കല: സഞ്ചാരികളുടെ പറുദീസയായ കാപ്പിൽ ബീച്ച് അവഗണനയിൽ.കടലും കായലും ഒന്നിക്കുന്ന പ്രകൃതിയുടെ സൗന്ദര്യമാണ് കാപ്പിൽ തീരത്തെ മനോഹരമാക്കുന്നത്.നിത്യേന ആയിരങ്ങളാണ് ഇവിടെയെത്തുന്നത്.വേണ്ടത്ര സുരക്ഷയോ,അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല.രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചം പോലുമില്ലെന്ന് സന്ദർശകർ പരാതിപ്പെടുന്നു.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തി അടിസ്ഥാന വികസനം ഒരുക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളാൻ അധികൃതർ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രധാന റോഡ് മുതൽ കാപ്പിൽ പൊഴി വരെയുള്ള പ്രദേശങ്ങളിൽ ലഹരി മാഫിയ സംഘം സജീവമാണെന്ന പരാതി വ്യാപകമാണ്
ബീച്ചിൽ പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണം
ഇരുട്ടിലെ ടൂറിസം ...
റോഡ് - ജല - ട്രെയിൻ ഗതാഗതം ഒന്നിച്ച് ആസ്വദിക്കാൻ കഴിയുന്ന മനോഹരമായ കാപ്പിൽ ബീച്ച് അധികൃതരുടെ അവഗണനയിൽ മങ്ങുകയാണ്.തീരദേശപാതയിലൂടെ നിത്യവും നൂറുക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.കാപ്പിലിന്റെ ദൃശ്യ ഭംഗി കണ്ട് വാഹനം നിറുത്തി പുറത്തിറങ്ങുന്നവർക്ക് അസൗകര്യങ്ങളുടെ നടുവിൽ അധികനേരം നിൽക്കാനും കഴിയില്ല.പ്രധാന റോഡിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി പോസ്റ്റുകളിലെ ലൈറ്റുകളിൽ പലതിലും പ്രകാശം കാണുന്നില്ലത്രെ കടൽത്തീരത്ത് സ്ഥാപിച്ചിട്ടുളള വൈദ്യുത പോസ്റ്റുകൾ തുരുമ്പെടുത്ത് നശിച്ചു.
സുരക്ഷയില്ലാതെ തീരം
ആഭ്യന്തര ടൂറിസത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒട്ടനവധിപേർ ഇവിടെയെത്തുന്നുണ്ട്.സ്വദേശികളായ നിരവധിപ്പേർ കുടുംബസമേതമെത്തുന്ന ഇവിടെ സുരക്ഷിതത്വം തീരെക്കുറവാണ്.അയിരൂർ,പരവൂർ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ജീപ്പുകൾ പ്രധാനറോഡിലൂടെ കടന്നുപോകുന്നതാണ് ഏക ആശ്വാസം.
ലൈഫ് ഗാർഡുകൾ വേണം
കാപ്പിൽ കടലിലെ ചുഴിയിൽപ്പെട്ട് നിരവധി അപകടമരണങ്ങളാണ് നടക്കുന്നത്.പുറമെ ശാന്തമെന്ന് തോന്നുന്ന കടലിൽ അടിയൊഴുക്കും ചുഴികളും എപ്പോഴും ഉള്ളതാണ്.കടലിൽ കുളിക്കാൻ ഇറങ്ങുന്നവരെ രക്ഷിക്കാൻ സദാസമയവും ലൈഫ് ഗർഡുകളുടെ സേവനം ഉറപ്പാക്കണമെന്നാവശ്യവും ശക്തമാണ്.
കാപ്പിൽ ബീച്ചിലെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന പ്രിയദർശിനി ബോട്ട് ക്ലബിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടപടികൾ സ്വീകരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |