SignIn
Kerala Kaumudi Online
Monday, 13 July 2026 3.33 AM IST

പശ്ചിമേഷ്യ വീണ്ടും അശാന്തം : അഴിയാകുരുക്കായി ഹോർമുസ്

READ ENGLISH VERSION
iran

ടെഹ്റാൻ: സമാധാന പ്രതീക്ഷ തകർത്ത് പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളമാക്കി ഇറാനും യു.എസും. ഇന്നലെ പുലർച്ചെ ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച ഇറാൻ ചരക്കുക്കപ്പൽ ആക്രമിച്ചു. തീപിടിച്ച കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ നാവികനെ കാണാതായി. പത്ത് ജീവനക്കാരെ രക്ഷിച്ചു. എല്ലാവരും ഇന്ത്യക്കാരാണ്.

ഒമാൻ തീരത്തിന് ഒമ്പത് നോട്ടിക്കൽ മൈൽ അകലെ സൈപ്രസ് കപ്പലായ ജി.എഫ്.എസ് ഗാലക്‌സിയാണ് ആക്രമണത്തിന് ഇരയായത്. എൻജിൻ റൂം അടക്കം തകർന്നു. മറ്റൊരു കപ്പലിനെയും ഇറാൻ ആക്രമിച്ചു. ആളപായമില്ലെന്നാണ് സൂചന.

ഇന്ത്യ ശക്തമായി അപലപിച്ചു. സിവിലിയൻ കപ്പലുകളെ ആക്രമിക്കുന്നത് ആശങ്കാജനകമാണെന്നും സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കാണാതായ നാവികനായി ഒമാനുമായി ചേർന്ന് രക്ഷാദൗത്യം തുടരുകയാണെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

തങ്ങൾ അംഗീകരിച്ച പാതയിലൂടെയല്ല കപ്പൽ സഞ്ചരിച്ചതെന്നും മുന്നറിയിപ്പ് അവഗണിച്ചതാണ് പ്രകോപനമായതെന്നും ഇറാൻ വ്യക്തമാക്കി.


 140 കേന്ദ്രങ്ങളിൽ ബോംബിട്ടു

തിരിച്ചടിയായി യു.എസ് സൈന്യം തെക്കൻ ഇറാനിലെ 140 കേന്ദ്രങ്ങളിൽ ബോംബിട്ടു. സൈനിക കേന്ദ്രങ്ങൾക്കും വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും പുറമേ തുറമുഖങ്ങളെയും തകർത്തു. ബന്ദർ അബ്ബാസ്, സിരിക്, ചബഹാർ, ബുഷെഹർ തുടങ്ങിയ ഇടങ്ങളിൽ നാശമുണ്ടായി. നിരവധി പേർ കൊല്ലപ്പെട്ടെന്നാണ് സൂചന.

ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ പ്രത്യാക്രമണം

 ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ, യു.എ.ഇ, ജോർദ്ദാൻ എന്നിവിടങ്ങളിലെ യു.എസ് ബേസുകൾക്കും റഡാർ ശൃംഖലകൾക്കും നേരെ ഇറാന്റെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും പാഞ്ഞടുത്തു

 പ്രതിരോധിച്ചെങ്കിലും അവശിഷ്ടങ്ങൾ പതിച്ച് ഒമാനിലെ ദുക്കം തുഖമുഖത്തെ യു.എസ് നാവിക ലോജി‌സ്റ്റി‌ക്‌സ് കേന്ദ്രത്തിലടക്കം നാശനഷ്ടം

 ഖത്തറിലെ ദോഹയിൽ കുട്ടി അടക്കം മൂന്ന് പേർക്ക് പരിക്ക്. ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ച് ഒമാൻ.

 ഹോർമുസ് യുദ്ധം

1. ഫെബ്രു. 28ന് ഇറാനെതിരെ യു.എസ് ആക്രമണം തുടങ്ങിയത് ആണവ പദ്ധതിയുടെ പേരിൽ. ഇപ്പോൾ സംഘർഷം ഹോർമുസിനെ ചൊല്ലി

2. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കെന്ന് ഇറാൻ. ഭാവിയിൽ കപ്പലുകളിൽ നിന്ന് പണം ഈടാക്കാനും നീക്കം

3. അന്താരാഷ്ട്ര പാതയായ ഹോർമുസ് ആർക്കും അടയ്ക്കാനാകില്ലെന്നും സ്വതന്ത്ര സഞ്ചാരം സംരക്ഷിക്കുമെന്നും യു.എസ്

'തങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ശത്രുവായി കണ്ട് ആക്രമിക്കും".

- ഇറാൻ റെവല്യൂഷണറി ഗാർഡ്

'തെറ്റായ തീരുമാനങ്ങൾക്കുള്ള ശിക്ഷ ഇറാൻ അനുഭവിക്കും".

- പീറ്റ് ഹെഗ്‌സേത്ത്,

ഡിഫൻസ് സെക്രട്ടറി, യു.എസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HORMUZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360