SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.14 AM IST

പലിശ ഭാരം ഉയർത്താൻ അരങ്ങൊരുങ്ങുന്നു

inflation

വെല്ലുവിളിയായി നാണയപ്പെരുപ്പം

റിസർവ് ബാങ്ക് ധന നയം ജൂൺ അഞ്ചിന്

കൊച്ചി: ഇന്ധന വിലയിലെ കുതിപ്പ് നാണയപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കിയതിനാൽ മുഖ്യ പലിശ നിരക്ക് റിസർവ് ബാങ്ക് വർദ്ധിപ്പിച്ചേക്കും. രണ്ടാഴ്ചയ്ക്കിടെ പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില ലിറ്ററിന് എട്ടു രൂപയിലധികം വർദ്ധിപ്പിച്ചതോടെ ഭക്ഷ്യ, ഗതാഗത ചെലവുകൾ കുത്തനെ കൂടുന്നതാണ് പ്രധാന വെല്ലുവിളി. ജൂൺ മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗത്തിൽ മുഖ്യ പലിശയായ റിപ്പോ കാൽ ശതമാനം വർദ്ധിപ്പിച്ച് 5.5 ശതമാനമാക്കിയേക്കും. 2025 ഫെബ്രുവരി മാസത്തിന് ശേഷം പലിശയിൽ മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ ആറിൽ നിന്ന് 15 ശതമാനമായി വർദ്ധിപ്പിച്ചതും നാണയപ്പെരുപ്പം കൂടാൻ ഇടയാക്കും.

ആഗോള ധനകാര്യ അനിശ്ചിതത്വങ്ങളിലും വിദേശ നിക്ഷേപ പിന്മാറ്റത്തിലും കനത്ത തകർച്ച നേരിടുന്ന രൂപയ്ക്ക് സ്ഥിരത പകരുന്നതിനും പലിശ വർദ്ധന സഹായമായേക്കും. പശ്ചിമേഷ്യയിലെ യുദ്ധം തുടങ്ങിയതിന് ശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി റെക്കാഡുകൾ ഭേദിച്ച് താഴേക്ക് നീങ്ങുകയാണ്. ഗൾഫ് മേഖയിലെ ഇറാന്റെ ആക്രമണങ്ങളും ഹോർമുസ് ഇടനാഴിയിലെ തടസങ്ങളും ഇന്ധന ഇറക്കുമതി ചെലവ് ഗണ്യമായി ഉയർത്തിയതാണ് രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കിയത്.

നാണയപ്പെരുപ്പം അഞ്ച് ശതമാനം കടന്നേക്കും

ഭക്ഷ്യ, ഇന്ധന, സ്വർണ വിലയിലുണ്ടായ വർദ്ധന ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിന് മുകളിൽ എത്തിച്ചേക്കും. പെട്രോൾ, ഡീസൽ എന്നിവയുടെ വില വർദ്ധന ഗതാഗത, ഉത്പാദന ചെലവുകൾ കുത്തനെ കൂട്ടുകയാണ്.

കാത്തിരിക്കണമെന്ന് ധനകാര്യ വിദഗ്ദ്ധർ

ഇന്ധന വില വർദ്ധനയുടെ പൂർണമായ പ്രതിഫലനം വിപണിയിൽ ദൃശ്യമാകാൻ സമയമെടുക്കുമെന്നതിനാൽ തിരക്കിട്ട് റിസർവ് ബാങ്ക് പലിശ കൂട്ടരുതെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു. ഉത്പന്ന ലഭ്യതയിലെ പ്രശ്നങ്ങളാണ് വിലക്കയറ്റം സൃഷ്ടിക്കുന്നത്. വിപണിയിലെ പണ ലഭ്യത നിയന്ത്രിക്കുന്നതിലൂടെ നാണയപ്പെരുപ്പം നിയന്ത്രിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു.

നിലവിലെ റിപ്പോ നിരക്ക്

5.25 ശതമാനം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360