
കൊച്ചി: ഇറാൻ യുദ്ധം പ്രവർത്തന നഷ്ടം കുത്തനെ കൂട്ടുന്നതിനാൽ ആഭ്യന്തര വിമാന സർവീസുകൾക്കായുള്ള ഇന്ധനത്തിന്റെ വില വർദ്ധന മരവിപ്പിക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടു. രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നിവ ജൂൺ ഒന്നിന് വിമാന ഇന്ധന വില 25 ശതമാനം വർദ്ധിപ്പിക്കാൻ സാദ്ധ്യതയേറെയാണ്.
നിലവിൽ എണ്ണക്കമ്പനികൾ ഭീമമായ നഷ്ടത്തിലാണ് ആഭ്യന്തര വിമാന സർവീസുകളിൽ ഇന്ധനം വിൽക്കുന്നത്. ആഭ്യന്തര സെക്ടറിൽ വിമാന ഇന്ധന വില കിലോ ലിറ്ററിന് 1.05 ലക്ഷം രൂപയാണ് (1,090 ഡോളർ) കമ്പനികൾ ഈടാക്കുന്നത്.
ഉത്പാദന ചെലവിലും കുറഞ്ഞ വിലയിൽ വിമാന ഇന്ധനം വിൽക്കുന്നതിലൂടെ കിലോ ലിറ്ററിന് 92,000 രൂപ നഷ്ടമുണ്ടെന്നാണ് അവരുടെ വാദം.
വ്യോമയാന മേഖലയിലെ മൊത്തം ചെലവിൽ 40 ശതമാനത്തിലധികം ഇന്ധന വിലയിലാണ്.
പ്രവർത്തനം നഷ്ടത്തിൽ
പ്രമുഖ ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ ഗ്രൂപ്പ്, സ്പൈസ് ജെറ്റ്, ആകാശ എന്നിവയെല്ലാം വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ വിദേശ നാണയ വിപണിയിലെ ചാഞ്ചാട്ടവും ഉയർന്ന ഇന്ധന വിലയും മൂലം 2,536.9 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവയും വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
വെല്ലുവിളി
1. ഇന്ധന വില വർദ്ധന പ്രവർത്തന ചെലവ് കുത്തനെ കൂടുന്നു
2. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച ഫോറക്സ് നഷ്ടം ഉയർത്തുന്നു
3. ഗൾഫ് മേഖലയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതും നഷ്ടം കൂട്ടി
4. ഡോളർ കരുത്താർജിച്ചതിനാൽ വിമാന വാടക, മെയിന്റനൻസ് എന്നിവയ്ക്ക് ചെലവേറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |