SignIn
Kerala Kaumudi Online
Sunday, 31 May 2026 4.01 AM IST

വൻതാരയുടെ പ്രവർത്തനങ്ങൾ നിയമപരം: സുപ്രീം കോടതി

vanthara

കൊച്ചി: അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള വന്യജീവി പുനരധിവാസ കേന്ദ്രമായ ജാംനഗറിലെ വൻതാരയുടെ പ്രവർത്തനങ്ങൾ നിയമപരവും രാജ്യാന്തര നിലവാരം പാലിക്കുന്നതുമാണെന്ന് സുപ്രീം കോടതി. വൻതാരയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തള്ളിയാണ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എൻ.വി. അഞ്ജരിയ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

സുപ്രീം കോടതി തന്നെ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) വിശദമായ അന്വേഷണ റിപ്പോർട്ട് കോടതി ശരിവച്ചു. സുപ്രീം കോടതി മുൻ ജഡ്ജി അദ്ധ്യക്ഷനായ സമിതിയിൽ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്, മുൻ പൊലീസ് കമ്മീഷണർ, മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്നിവരാണുണ്ടായിരുന്നത്.

വൻ‌താരയുടെ ട്രസ്റ്റികൾക്കും ഡയറക്ടർമാർക്കും റിലയൻസ് ഫൗണ്ടേഷൻ, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ സ്ഥാപനങ്ങൾക്കും ഈ വിധി ആശ്വാസമായി. വൻതാരയിലെ ഓരോ ജീവനും നിയമപരമായാണ് എത്തിയതെന്നും ധാർമ്മികമായ സംരക്ഷണമാണ് അവയ്ക്ക് നൽകുന്നതെന്നും സി.ഇ.ഒ വിവാന കാരണി പറഞ്ഞു. ഓരോ ജീവനും വിലപ്പെട്ടതാണെന്ന ഉറച്ച വിശ്വാസത്തോടെ വൻതാര മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതിയുടെ നിരീക്ഷണങ്ങൾ

യു.എ.ഇ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മൃഗങ്ങളുടെ കൈമാറ്റം നിയമപരമാണ്. ഇവ വാണിജ്യപരമായ ഇടപാടുകളല്ല. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുള്ള 'സൂ-ടു-സൂ" കൈമാറ്റമാണ്. വിദേശത്തുനിന്ന് നിയമപരമായി മൃഗങ്ങളെ സ്വീകരിച്ച ഇന്ത്യൻ സ്ഥാപനത്തിന്, കയറ്റുമതി ചെയ്ത രാജ്യത്തെ എന്തെങ്കിലും സാങ്കേതിക പിഴവുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നില്ല.

ബ്രസീലിലെ വംശനാശഭീഷണി നേരിടുന്ന മക്കാവുകളെ സംരക്ഷിക്കുന്നതടക്കമുള്ള വൻ‌താരയുടെ ആഗോളതലത്തിലുള്ള പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. നിയമപരമായി എത്തിച്ച മൃഗങ്ങളെ അവയുടെ സുരക്ഷിതമായ സാഹചര്യത്തിൽ നിന്ന് മാറ്റുന്നത് ക്രൂരതയാകുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360