SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.11 AM IST

വെല്ലുവിളി ഒഴിയാതെ ഇന്ത്യൻ സാമ്പത്തിക മേഖല

eco

ആഗോള അനിശ്ചിതത്വം വിനയാകും

കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം അവസാനിച്ചതും ക്രൂഡോയിൽ വിലയിലെ ഇടിവും ആശ്വാസമായിട്ടും ഇന്ത്യൻ സാമ്പത്തിക മേഖലയിൽ വെല്ലുവിളികൾ ഒഴിയുന്നില്ല. ഇറാൻ യുദ്ധ കാലയളവിൽ പ്രതികൂല സാഹചര്യങ്ങൾ മറികടന്നും കരുത്തോടെ നിലനിൽക്കാനായെങ്കിലും ആഗോള, ആഭ്യന്തര റിസ്‌കുകൾ നേരിടുന്നതിന് കരുതലോടെ നീങ്ങാനാണ് റിസർവ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും ഒരുങ്ങുന്നത്. മൺസൂൺ മഴ ലഭ്യതയിലെ അസന്തുലിതാവസ്ഥയും എൽ നിനോ പ്രതിഭാസത്തിന്റെ പ്രത്യാഘാതങ്ങളും ആഗോള ഭൗമ രാഷ്ട്രീയ പ്രശ്നങ്ങളും സാമ്പത്തിക രംഗത്തിന്റെ പ്രകടനത്തെ ബാധിച്ചേക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം ജൂൺ മാസത്തിലെ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കി. യുദ്ധം അവസാനിച്ചെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ക്രൂഡോയിൽ വില ബാരലിന് 70 ഡോളറിന് മുകളിൽ ഇപ്പോഴും തുടരുന്നതും വെല്ലുവിളിയാണ്. ഗൾഫ് രാജ്യങ്ങൾ എണ്ണ ഉത്പാദനത്തിൽ മെല്ലെപ്പോക്ക് സ്വീകരിക്കുന്നതും തിരിച്ചടിയാണ്.

കാലാവസ്ഥാ വ്യതിയാനം കാർഷിക ഉത്പാദനത്തെ ബാധിക്കുമെന്നതിനാൽ ഭക്ഷ്യ സാധനങ്ങളുടെ വില കുത്തനെ കൂടാനിടയുണ്ട്. ഉയർന്ന ഇന്ധന വിലയും ഉത്പാദന ഇടിവും രാജ്യത്തെ നാണയപ്പെരുപ്പം ഉയർത്തിയേക്കും.

കരുതൽ തുടരണമെന്ന് റിസർവ് ബാങ്ക്

ആഗോള, ആഭ്യന്തര വെല്ലുവിളികൾ നേരിടാൻ രാജ്യം കരുതലോടെ നീങ്ങണമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ സുരക്ഷാകവചം ശക്തമാക്കുന്നതിന് റിസർവ് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ കരുത്ത്

1. ആഭ്യന്തര വിപണിയിലെ ഉപഭോഗ ശക്തി

2. നിയന്ത്രണ വിധേയമായ നാണയപ്പെരുപ്പം

3. കമ്പനികളുടെ ഉയർന്ന ലാഭക്ഷമത

4. വിപണിയിലെ ഉയർന്ന പണലഭ്യത

ഇറക്കുമതി ഇളവ് നീട്ടി

ക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇളവ് ജൂലായ് 15 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തിൽ വലയുന്ന വൻകിട കമ്പനികൾക്ക് തീരുമാനം ആശ്വാസം പകരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360