SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.55 AM IST

കളംമാറ്റി പൊതുമേഖലാ എണ്ണക്കമ്പനികൾ

company

പുതുമേഖലകളിൽ പ്രവർത്തനം വിപുലീകരിക്കുന്നു

കൊച്ചി: പരമ്പരാഗത പെട്രോളിയം ഉത്പന്ന വിപണനത്തിനപ്പുറം പുതിയ മേഖലകളിലേക്ക് പ്രവർത്തനം വിപുലീകരിക്കാൻ ഇന്ത്യയിലെ പൊതുമേഖല എണ്ണക്കമ്പനികൾ ഒരുങ്ങുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്.പി.സി.എൽ) എന്നിവ റിഫൈനറിംഗ്, ഹരിത ഊർജം, ഇ വാഹന ചാർജിംഗ് തുടങ്ങിയ മേഖലകളിൽ മൂലധനച്ചെലവ് കുത്തനെ വർദ്ധിപ്പിക്കുകയാണ്.

നടപ്പുസാമ്പത്തിക വർഷം 32,700 കോടി രൂപയുടെ മൂലധന നിക്ഷേപത്തിനാണ് ഇന്ത്യൻ ഓയിൽ ഒരുങ്ങുന്നത്. റിഫൈനിംഗ്, പൈപ്പ് ലൈൻ വിപുലീകരണം, ഹരിത ഇന്ധനവും സുസ്ഥിതയും, പെട്രോകെമിക്കൽ സംയോജനം എന്നീ മേഖലകൾക്കാണ് ഐ.ഒ.സി ഊന്നൽ നൽകുന്നത്. നടപ്പുസാമ്പത്തിക വർഷം ബി.പി.സി.എൽ 25,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് പദ്ധതിയിടുന്നത്. ഇക്കാലയളവിൽ എച്ച്.പി.സി.എൽ 9,700 കോടി രൂപയുടെ നിക്ഷേപം നടത്തും.

എണ്ണയിൽ നിന്ന് പുതു ഊർജത്തിലേക്ക്

ക്രൂഡോയിൽ സംസ്‌കരണത്തിൽ മാത്രം ആശ്രയിച്ചാൽ ദീർഘകാല വളർച്ചയ്ക്ക് തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് കമ്പനികൾ തന്ത്രം മാറ്റുന്നത്. റിഫൈനിംഗ് മാർജിൻ, ഇന്ധന ഉപഭോഗം, ക്രൂഡോയിൽ വില എന്നിവയിലെ ചാഞ്ചാട്ടം പ്രവർത്തനത്തെ ബാധിക്കാതിരിക്കാനും നീക്കം സഹായിക്കും. മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളിലും ഇതിലൂടെ പങ്കാളികളാകും.

ദീർഘകാല തന്ത്രം

നിലവിൽ ഫോസിൽ ഇന്ധനത്തിൽ നിന്ന് നേടുന്ന ലാഭം ഉപയോഗിച്ച് നാളെത്തെ ഊർജ വിപണിയിൽ പൊതുമേഖല കമ്പനികൾക്ക് സ്ഥാനം ഉറപ്പിക്കാൻ നിക്ഷേപം സഹായിക്കും. ഇന്ധന ആവശ്യകതയിലെ ഭാവി മാറ്റങ്ങളും വൈദ്യുതി വാഹനങ്ങളുടെ വളർച്ചയും കണക്കിലെടുത്ത് പരമ്പരാഗത ബിസിനസിനപ്പുറം പുതിയ വരുമാന ശ്രോതസുകൾ കണ്ടെത്താനാണ് എണ്ണക്കമ്പനികളുടെ ശ്രമം.

ഇ വാഹന വളർച്ച വെല്ലുവിളി

രാജ്യത്ത് വൈദ്യുതി വാഹനങ്ങളുടെ വിൽപ്പനയിലെ റെക്കാഡ് വളർച്ചയാണ് പൊതുമേഖല എണ്ണക്കമ്പനികൾക്ക് പ്രധാന വെല്ലുവിളി. ജൂലായിൽ 3.28 ലക്ഷം വൈദ്യുത വാഹനങ്ങളുടെ രജിസ്ട്രേഷനുകളാണ് ഇന്ത്യയിലുണ്ടായത്. മുൻവർഷം ഇതേകാലയളവിനേക്കാൾ 66 ശതമാനം വർദ്ധന കഴിഞ്ഞ മാസമുണ്ടായി. മൊത്തം വാഹന വിൽപ്പനയുടെ 12.7 ശതമാനം വിഹിതം ഇ.വി കയ്യടക്കി. ഇതോടെയാണ് പുതിയ മേഖലകളിലേക്ക് എണ്ണക്കമ്പനികൾ പ്രവർത്തനം വിപുലീകരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OIL COMPNAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360