
ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ ടാക്‌സേഷൻ നിയമ ദേദഗതി ബില്ലിന്റെ പിൻബലത്തിൽ യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉറപ്പു നൽകി. എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ് എന്നിവരുടെ സാന്നിധ്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(കെ.വി.വി.ഇ.എസ്) സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഓൺലൈൻ വ്യാപാരം മൂലം രാജ്യത്തെ ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന അഭ്യർത്ഥന പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ വ്യാപാരത്തിന്റെയും വൻകിട റീട്ടെയിൽ ശൃംഖലകളുടെയും ആധിപത്യം ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ നിലനിൽപ്പിന് വെല്ലുവിളിയാണെന്ന് രാജു ചൂണ്ടിക്കാട്ടി.
പരമ്പരാഗത ചെറുകിട വ്യാപാരികൾക്ക് വിപണിയിൽ നിലനിൽക്കുന്നതിന് ഓൺലൈൻ വ്യാപാരത്തിന് 40 ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തണമെന്നും കെ.വി.വി.ഇ.എസ്. സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. വാർഷിക ജി.എസ്.ടി. രജിസ്ട്രേഷൻ പരിധി നിലവിലെ 40 ലക്ഷം രൂപയിൽ നിന്ന് 75 ലക്ഷം രൂപയായി ഉയർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |